മാവോയിസ്റ്റ് വേട്ടക്കായി കേരള, തമിഴ്നാട് പൊലീസിനൊപ്പം കേന്ദ്രസേനയും കാടുകയറി

മലപ്പുറം: നിലമ്പൂര്‍ കരുളായി, മുണ്ടേരി, തമിഴ്‌നാട് നീലഗിരി വനമേഖലകളില്‍ മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര റിസര്‍വ് പൊലീസും കേരളത്തിലെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘവും തമിഴ്‌നാട് ആന്റി നക്‌സല്‍ സ്‌ക്വാഡും സംയുക്ത ഓപ്പറേഷനായി വെള്ളിയാഴ്ച പുലര്‍ച്ചെ കാടുകയറി.

കരുളായി, മുണ്ടേരി വനമേഖലകളിലെ തിരച്ചിലിന് 40 പേരടങ്ങുന്ന രണ്ടു സ്‌ക്വാഡും നീലഗിരി മേഖലയില്‍ രണ്ടു സ്‌ക്വാഡുമാണ് തിരച്ചില്‍ നടത്തുന്നത്. രണ്ടു ദിവസം വനത്തിനുള്ളില്‍ തങ്ങിയുള്ള തിരച്ചിലായിരിക്കും നടത്തുക.

സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ തൊണ്ണൂറോളം മാവോയിസ്റ്റുകള്‍ നിലമ്പൂര്‍, തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷനായി ഒരു പ്ലാറ്റൂണ്‍ സി.ആര്‍.പി നിലമ്പൂരിലെത്തിയത്.

നിലമ്പൂരില്‍ കെ.എ.പി ക്യാമ്പില്‍ തങ്ങിയ കേന്ദ്ര സേനയും ഇന്നത്തെ തിരച്ചിലിനായി കാടു കയറിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സംസ്ഥാന പോലീസ് മറച്ചുവെക്കുകയാണ്.

ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 26 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിലെ പോലീസ് മേധാവിമാരുടെയും കളക്ടര്‍മാരുടെയും യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എട്ടിന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കേരളത്തിലെ മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ എസ്.പിമാരെയും കളക്ടര്‍മാരെയുമാണ് യോഗത്തിലേക്കു വിളിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുള്ള മാവോയിസ്റ്റ് വേട്ടക്ക് അന്തിമരൂപം നല്‍കും. കാട്ടിലെ താവളത്തിനു ചുറ്റും മൈനുകള്‍ വിതറി മാവോയിസ്റ്റുകള്‍ കെണിയൊരുക്കിയിതിനാല്‍ മൈന്‍ ഡിറ്റക്ടര്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളുമായാണ് കേന്ദ്ര സേനയും പൊലീസും കാട്ടിലേക്കു പോയത്.

കഴിഞ്ഞ നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി വനത്തില്‍ കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായി കൂടുതല്‍ സന്നാഹവുമായി തിരച്ചില്‍ നടത്തുന്നത്. കാട്ടില്‍ ഏറ്റു മുട്ടല്‍ നടക്കുകയാണെങ്കില്‍ കൂടുതല്‍ സന്നാഹമെത്തിക്കാനുള്ള സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷന്റെ ഭാഗമായി വനമേഖലയിലെ ആദിവാസി കോളനികള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Top