ഉയിരുകൊടുക്കുന്ന ആർ.എസ്.എസുകാരുടെ കേരളം സംഘം നേതൃത്വത്തിനും പ്രിയങ്കരം !

പാലക്കാട് : രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ടായാലും ആര്‍.എസ്.എസ് മേധാവിക്ക് പ്രിയം കേരളം തന്നെ.

അടുപ്പിച്ച് നിരവധി തവണയായി ഇപ്പോള്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തുന്നത്.

പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം വിവാദമായിട്ടുണ്ടെങ്കിലും കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്താന്‍ ആര്‍.എസ്.എസ് മേധാവി തീരുമാനിച്ചതിനു പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്.

കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് അതില്‍ പ്രധാനം.

കേരളത്തിലെ ആര്‍.എസ്.എസ്-സംഘപരിവാര്‍ പ്രവര്‍ത്തകരെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരില്‍ നിന്നും വിഭിന്നമായി വളരെ താല്‍പ്പര്യത്തോട് കൂടിയാണ് ആര്‍.എസ്.എസ് നേതൃത്വം ഇപ്പോള്‍ നോക്കിക്കാണുന്നത്.

രാജ്യത്ത് ഏറ്റവും അധികം പ്രവര്‍ത്തകര്‍ എതിരാളികളാല്‍ കൊല്ലപ്പെട്ടതും അധികാരമില്ലാതിരുന്നിട്ടും സജീവമായ സംഘടനാ പ്രവര്‍ത്തനം നടക്കുന്നതുമാണ് ഈ പ്രത്യേക പരിഗണനക്ക് കാരണം.

രാജ്യത്ത് കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ ഉള്ളതും കേരളത്തിലാണ്. അയ്യായിരത്തിലധികം ശാഖകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

സ്വയം ജീവന്‍ നഷ്ടപ്പെടേണ്ടി വന്നാലും സ്വയം സേവകനായി അവസാന നിമിഷം വരെ പൊരുതുമെന്ന കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നിലപാട് മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠ പുസ്തകമാണെന്നാണ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ പിണറായി സര്‍ക്കാറിന്റെ പിന്തുണയോടെ സി.പി.എമ്മുകാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതും ഇവിടത്തെ പ്രവര്‍ത്തകര്‍ക്ക് നാഗ്പൂരിലെ സംഘം ആസ്ഥാനം നല്‍കുന്ന പരിഗണനയാണ് വ്യക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സാക്ഷിപ്പെടുത്തുന്നത്.

ഇതിനിടെ പതാക വിവാദത്തില്‍ പിണറായി സര്‍ക്കാര്‍ മോഹന്‍ ഭാഗവതിനെതിരെ നടപടിയിലേക്ക് കടന്നാല്‍ ‘കളി’ മാറുമെന്ന് സംഘ പരിവാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മോഹന്‍ ഭാഗവത് രാഷ്ട്രീയക്കാരനല്ലന്നും രാജ്യത്തെ തന്നെ പ്രധാന വ്യക്തിത്വമാണെന്നും ദേശീയ പതാക സ്‌കൂളില്‍ ഉയര്‍ത്തിയതില്‍ തെറ്റില്ലന്നുമാണ് അവരുടെ വാദം.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍.എസ്.എസ് മേധാവിക്ക് പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കളക്ടര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മോഹന്‍ ഭാഗവതിന്റെ കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.

കേരളത്തിലെ ഭരണകൂട നീക്കങ്ങളെ അതീവ ഗൗരവമായി കാണുന്ന കേന്ദ്ര സര്‍ക്കാരും സംഘപരിവാറും തങ്ങളുടെ പരമാധികാര നേതാവിനെതിരായ നീക്കത്തോട് ഏത് രൂപത്തിലാണ് പ്രതികരിക്കുക എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Top