സി.പി.ഐ വിട്ടാൽ പിന്തുണക്കാൻ തയ്യാറായി കേരള കോൺഗ്രസ്സ്, ഇടതിൽ പോര് തുടരുന്നു

23772379_2033108286921017_1824183596_n

തിരുവനന്തപുരം : ആവശ്യപ്പെട്ടാല്‍ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ്സ്. മുതിര്‍ന്ന നേതാക്കളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നത്തില്‍ ഉടക്കി സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇടതു ബര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാണിവിഭാഗം.

സി.പി.ഐയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എം മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി.

അത്തരമൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം യു.ഡി.എഫില്‍ തന്നെ ഉറച്ച് നിന്നാലും നാല് അംഗങ്ങളുള്ള മാണി വിഭാഗം ഇടത് സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണച്ചാലും സര്‍ക്കാറിന്റെ നില സുരക്ഷിതമാകും.

നിയമസഭയില്‍ ഭൂരിപക്ഷത്തിന് 71 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്.

ഒന്നോ രണ്ടോ പേരുടെ പിന്തുണയില്‍ മാത്രം ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ഒരിക്കലും സി.പി.എം നേതൃത്വം തയ്യാറാകാനിടയില്ല.

ഇടതുപക്ഷത്ത് സി.പിഎമ്മിന് മാത്രം 58 എം.എല്‍.എമാരാണ് ഉള്ളത്. സി.പി.ഐക്ക് 19 എം.എല്‍.എമാരുണ്ട്.

ജനതാദള്‍ 3, എന്‍.സി.പി 2, ആര്‍.എസ്.പി ( കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗം) 1, കോണ്‍ഗ്രസ്സ് (എസ്സ്)1, എന്നിവയാണ് ഘടകകക്ഷികളുടെ അംഗസംഖ്യ.

കൂടാതെ അഞ്ച് ഇടത് സ്വതന്ത്ര എം.എല്‍.എമാരും കേരള കോണ്‍ഗ്രസ്സ് (ബി) യിലെ കെ.ബി ഗണേഷ് കുമാറും സി.എം.പി (അരവിന്ദാക്ഷ വിഭാഗം) അടക്കം സര്‍ക്കാറിന് പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ എണ്ണം 91 ആണ്.

യു.ഡി.എഫിന് ആകെ 41 എം.എല്‍.എമാരാണ് ഉള്ളത്. ഇതില്‍ കോണ്‍ഗ്രസ്സ് 22, മുസ്ലീം ലീഗ് 18, കേരള കോണ്‍ഗ്രസ്സ് (ജേക്കബ് വിഭാഗം) ഉള്‍പ്പെടെയാണിത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ചെങ്കിലും ആറ് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ്സ് പ്രത്യേക ബ്ലോക്കായാണ് നിയമസഭയില്‍ ഇരിക്കുന്നത്.

ബി.ജെ.പിയുടെ ഒ.രാജഗോപാലും പി.സി.ജോര്‍ജ്ജുമടക്കം പ്രതിപക്ഷ നിരയുടെ ശക്തി 49 ആണ്.

19 അംഗങ്ങള്‍ ഉള്ള സി.പി.ഐയെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കിയാലും ഭരണം വീഴില്ലങ്കിലും സുഗമമായ നടത്തിപ്പിന് കേരള കോണ്‍ഗ്രസ്സിലെ മാണി വിഭാഗത്തിന്റെ പിന്തുണ ആവശ്യമായി വരും.

മാത്രമല്ല അത്തരമൊരു ഘട്ടത്തില്‍ ഇടത് സ്വതന്ത്രരായി വിജയിച്ച അഞ്ച് എം.എല്‍.എമാര്‍ വിലപേശല്‍ നടത്താനുള്ള സാധ്യതയും കൂടുതലാണ്.

ഇപ്പോള്‍ തന്നെ ഈ എം.എല്‍.എമാരില്‍ പലരും തോമസ് ചാണ്ടിയെ പോലെ തന്നെ ഇടത് സര്‍ക്കാറിന് ബാധ്യതയാണ്.

പിണറായി മന്ത്രിസഭ അധികാരമേല്‍ക്കും മുന്‍പ് കൂറു മുന്നണിയുണ്ടാക്കി മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള ഇടത് സ്വതന്ത്ര എം.എല്‍.എമാരുടെ നീക്കം മുളയിലേ മുഖ്യമന്ത്രിയാണ് നുള്ളിക്കളഞ്ഞത്.

കാര്യങ്ങള്‍ എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ചില ‘അട്ടിമറികള്‍ക്ക്’ സി.പി.എം നീക്കം നടത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കണക്ക് കൂട്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് കോട്ടയം സീറ്റ് വിട്ടു നല്‍കി ഒരു ‘ധാരണ’യുണ്ടാക്കിയാല്‍ മധ്യകേരളത്തില്‍ നേട്ടം കൊയ്യാമെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ സി.പി.എം കേന്ദ്രങ്ങളില്‍ സജീവമായിരുന്നു.

സി.പി.ഐയുടെ ജനസ്വാധീനത്തിന്റെ അളവ് നോക്കാതെ കൂടുതല്‍ സീറ്റ് നിയമസഭയില്‍ നല്‍കിയതാണ് ലീഗിനേക്കാള്‍ കൂടുതല്‍ എം.എല്‍.എമാരെ അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് സി.പി.ഐക്ക് അനുവദിക്കേണ്ട കാര്യമില്ലന്ന നിലപാടും നേതാക്കള്‍ക്കിടയിലുണ്ട്.

മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും മോശക്കാരാക്കി ചിത്രീകരിച്ച് മുന്നോട്ട് പോകുന്ന സി.പി.ഐക്ക് ഉചിതമായ സമയത്ത് കൃത്യമായ ‘പണി’ കൊടുക്കുമെന്ന് തന്നെയാണ് സൂചന.

‘ തോളിലിരുന്ന് ചെവി തിന്നുന്ന ഏര്‍പ്പാട് നടത്തുന്ന സി.പി.ഐ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്കൊപ്പമായിരിക്കുമെന്ന് ആര്‍ക്ക് അറിയാം ‘ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ സി.പി.എമ്മിന്റെ നിലപാടും വ്യക്തമാണ്.Related posts

Back to top