അവൾ തന്നെയാണ് ജയലളിതയുടെ മകൾ, വെളിപ്പെടുത്തലുമായി ജയയുടെ സുഹൃത്ത് . .

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അമൃതയാണ് മകളെന്ന കാര്യം വൈകിയാണ് തനിക്ക് മനസ്സിലായതെന്നും ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത.

ജയലളിത പറഞ്ഞില്ലങ്കിലും ഇക്കാര്യം തനിക്ക് അറിയാമായിരുന്നു പക്ഷേ മകള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ലന്നും പ്രമുഖ തമിഴ് മാധ്യമത്തോട് അവര്‍ പറഞ്ഞു.

നടന്‍ ശോഭന്‍ ബാബു അടുത്ത കുടുംബസുഹൃത്താണ് ഇത് സംബന്ധമായും ജയലളിതയെ കുറിച്ചും ഒരു പാട് കാര്യങ്ങള്‍ അദ്ദേഹമാണ് പറഞ്ഞത്.

ഞാന്‍ ആരെയും തേടി പോയില്ല അവള്‍ എന്നെ തേടി വരികയായിരുന്നു. ജയലളിതക്ക് നീതി കിട്ടാന്‍ താന്‍ നടത്തുന്ന പൊരാട്ടം ശ്രദ്ധയില്‍ പെട്ടാണ് അമ്യത തന്റെയടുത്ത് വന്നത്.

നിരവധി കാര്യങ്ങള്‍ അവള്‍ പറഞ്ഞു, പെരിയമ്മ എന്നാണ് ജയലളിതയെ വിളിച്ചിരുന്നത്. വൈകിയാണ് അവളും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്.

ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ഗീത പറഞ്ഞു.

ശശികലയോട് സംസാരിക്കരുതെന്ന് ജയലളിത അമ്യതയോട് പറഞ്ഞിരുന്നു. മറ്റ് ചില ഗൗരവപരമായ കാര്യങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇക്കാര്യം ഡി.എന്‍.എ ടെസ്റ്റിന് ശേഷം വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

ചില മന്ത്രിമാര്‍ അമൃതയെ കണ്ടിട്ടുണ്ട്. ഒ.പനീര്‍ശെല്‍വവും ഈ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ട്.

ജയലളിതയുടെ മരണശേഷം മക്കളാണെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നപ്പോള്‍ പ്രതികരിക്കാതിരുന്ന ദിനകരനടക്കമുള്ളവര്‍ അമൃതക്കെതിരെ എന്തിനാണ് ഇത്രയധികം രോഷം കൊള്ളുന്നതെന്നും ഗീത ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതിക്കും തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അമൃത കത്ത് അയച്ചിട്ടുണ്ട്.

ശശികല കളിച്ചതെല്ലാം നാടകമാണ്. തന്റെ മുന്നില്‍ അവര്‍ വന്ന് പെട്ടാല്‍ തല്ലുമായിരുന്നുവെന്നും ഗീത തുറന്നടിച്ചു.

ജയലളിതയുടെ അടുത്ത സുഹൃത്തായ കെ എസ് ഗീത ഇന്ത്യയുടെ ആദ്യത്തെ ഭരണഘടനാ അംഗം മോട്ടൂരി സത്യനാരായണയുടെ പേരക്കുട്ടിയാണ്.

ഗീതയുടെ അമ്മ സരോജിനിയും , ജയലളിതയുടെ അമ്മ സന്ധ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.

ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും , പോയിസ് ഗാര്‍ഡനില്‍ മുഖ്യമന്ത്രിയുടെ വസതിയായ ‘വേദാ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും , അപ്പോളോ ആശുപത്രികളിലെ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഗീത കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജയലളിത തന്റെ അമ്മയാണെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും, അമൃതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമൃത.

1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നല്‍കിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാന്‍ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പറയുന്നു.

അമൃതയുടെ അമ്മായിമാരും ജയലളിതയുടെ അര്‍ധ സഹോദരിമാരായ എല്‍.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും അമൃതയുടെ അവകാശവാദം അംഗീകരിച്ചിട്ടുണ്ട്.

ജയലളിതയുടെ സഹോദരിയാണ് തന്നെ ദത്തെടുത്ത് വളര്‍ത്തിയതെന്നും, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണശേഷമാണ് ജയലളിതയാണ് തന്റെ അമ്മയെന്ന് അറിയുന്നതെന്നുമാണ് അമൃതയുടെ വാദം.

Top