സ്‌പെഷ്യല്‍ ജഴ്‌സിയണിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം നാളെ കൊച്ചിയില്‍.

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ആദരമര്‍പ്പിക്കാനുള്ള അവസരമായി തങ്ങളുടെ ആദ്യ ഹോം പോരാട്ടത്തെ മാറ്റാനൊരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

നാളെ സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികളാണ് നാളെ ബ്ലാസ്റ്റേഴ്‌സ് അണിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അംബാസിഡറായ മോഹന്‍ലാലിന്റെ ഒരു വീഡിയോയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഐസ്എല്ലിന്റെ കൊച്ചി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന സമയത്തും മത്സ്യത്തൊഴിലാളികളെ വിശിഷ്ടാതിഥികളായി എത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ നേടിയിരുന്നു. കേരളത്തിനായി കഠിനാധ്വാനം ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമെന്ന നിലയിലാണ് ജേഴ്‌സിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

Top