ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് ‘പിന്‍വലിക്കല്‍’ പ്രത്യുപകാരം വേങ്ങരയില്‍ തന്നെ ലഭിച്ചു . . !

മലപ്പുറം: പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പ്രത്യുപകാരമായി വേങ്ങരയില്‍ മത്സരിക്കാതെ സി.പി.എമ്മിനു പിന്തുണയേകി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി.

ഏറെ കോളിളക്കം സൃഷ്ടിച്ച പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇമെയില്‍ ചോര്‍ത്തിയ കേസാണ് കേസിലെ അഞ്ചാം പ്രതിയായ മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ അപേക്ഷയില്‍ കേസു തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ പ്രോസിക്യൂഷന് കത്തും നല്‍കി. ഈ സാഹചര്യത്തിലാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സി.പി.എമ്മിന് പരോക്ഷ പിന്തുണയുമായി ജമാഅത്തെ ഇസ്‌ലാമി പ്രത്യുപകാരം ചെയ്യുന്നത്.

രാജ്യസുരക്ഷയെപ്പോലും സാരമായി ബാധിച്ച സംഭവമായിരുന്നു പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുള്ള ഇ-മെയില്‍ ചോര്‍ത്തല്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവെക്കുന്ന ഇമെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തിയത്.

ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്.ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബിജു സലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍വെച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു മതവിഭാഗത്തില്‍പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്ന് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു.

എസ്.ഐയായ ബിജു സലീമും ലേഖകന്‍ വിജു വിനായരും മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാനും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെയും മാധ്യമത്തിന്റെയും സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായിരുന്നു.

എന്നാല്‍ പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കല്‍ നടപടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ഇടതുമുന്നണിക്ക് നേട്ടമായത്.

അതേ സമയം പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഐ.ബിയും ശേഖരിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട് : എം വിനോദ്

Top