ഷാജഹാന്‍ വധം: അന്വേഷണത്തിന് പ്രത്യേക സംഘം

പാലക്കാട്: പാലക്കാട്‌ മരുതറോഡ്‌ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം.

ഷാജഹാൻറെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാൻ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിൻ്റെ നിലപാട്.

Top