ഭീകരരെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാനെ വെറുതെ വിട്ട് ഖത്തറിനെ ‘പിടിച്ച’തിൽ നിഗൂഢത

ദുബായ്: യുഎഇ – സൗദി രാജ്യങ്ങളും ഖത്തറുമായുള്ള രൂക്ഷമായ ഭിന്നതയും ഏറ്റുമുട്ടലും മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുമ്പോഴും ‘ജാഗ്രതയോടെ’ കേന്ദ്ര സര്‍ക്കാര്‍.

നിലവിലെ പ്രതിസന്ധി സംബന്ധമായി തന്ത്രപരമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്.

ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് യുഎഇ, സൗദി, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്. ഇറാനുമായുള്ള ഖത്തറിന്റെ അടുത്ത ബന്ധമാണ് സൗദി അറേബ്യയെ പ്രകോപിതരാക്കിയത്.

ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന വാര്‍ത്തകളും സജീവമാണ്.

തീവ്രവാദികളെ വളര്‍ത്തി ഇന്ത്യയിലും മറ്റും അരാജകത്വം സൃഷ്ടിക്കുന്ന പാക്കിസ്ഥാനുമായുള്ള ബന്ധം ഉപേക്ഷിക്കാതെ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ അറബ് രാഷ്ട്രങ്ങളുടെ നടപടി ഇന്ത്യക്ക് അത്രക്കങ്ങ് ബോധ്യപ്പെട്ടിട്ടില്ല.

ഇറാനു നേരെ നടന്ന തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലേക്ക് പീരങ്കി ആക്രമണം നടത്തി തിരിച്ചടിച്ച ഇറാന്റെ നടപടി പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീം ഉള്‍പ്പെടെ മിക്ക പാക്ക് അനുകൂല തീവ്രവാദികളുടെ ബിസിനസ്സ് സാമ്രാജ്യങ്ങളും യുഎഇ കേന്ദ്രീകരിച്ചാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ദാവൂദിന്റെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടിയെങ്കിലും ഇപ്പോഴും പാക്ക് അനുകൂല തീവ്രവാദ നേതാക്കളുടെ ‘ഇഷ്ട’ സങ്കേതമാണിവിടെ.

ഇക്കാരണം കൊണ്ടു തന്നെ ഖത്തറിനെയോ ഇറാനെയോ തള്ളി പറയാതെ പ്രശ്‌ന പരിഹാരത്തിന് നയതന്ത്രതലത്തില്‍ മാത്രം ഇടപെടാനാണ് ഇന്ത്യക്ക് താല്‍പര്യം.
qatar 1

അതേസമയം ഇന്ത്യക്കാര്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ന്നാല്‍ ശക്തമായ നടപടികള്‍ ഉടനടി സ്വീകരിക്കാനാണ് തീരുമാനം.

യുഎഇ – സൗദി രാജ്യങ്ങള്‍ ‘വില്ലനായി’ കാണുന്ന ഇറാനുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുള്ളത്.

ഇതിനിടെ യു എ ഇ യില്‍ നിന്നുള്ള എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ വിമാനങ്ങള്‍ ദോഹയിലേക്കുള്ള വിമാനസര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നര ലക്ഷം മലയാളികള്‍ ഉള്‍പ്പെടെ ആറര ലക്ഷം ഇന്ത്യക്കാരുണ്ട് ഖത്തറില്‍. തൊഴിലാളികളും ബിസിനസ്സുകാരും ഇക്കൂട്ടത്തില്‍ പെടും.

ഇവിടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റുമായി തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ ഇപ്പോള്‍ ത്രിശങ്കുവിലാണ്. ഇത് ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപകമാണ്.

മാത്രമല്ല, വിനോദ സഞ്ചാരത്തിനും മറ്റുമായി വന്‍തോതില്‍ ആളുകള്‍ അവധി ദിവസങ്ങളില്‍ ഖത്തറില്‍ നിന്നും യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യാറുണ്ട്. ഇതെല്ലാം ഇനി മുടങ്ങും.

യുഎഇയിലും ഖത്തറിലുമായി കഴിയുന്ന അനവധി മലയാളി കുടുംബങ്ങളിലെ ഭാര്യമാര്‍ ഖത്തറില്‍ നഴ്‌സും ഭര്‍ത്താവ് യുഎഇയിലുമായി ജോലി ചെയ്ത് വരുന്നുണ്ട്. ഇടക്കിടെ പരസ്പരം യാത്ര ചെയ്യുന്ന ഈ കുടുംബങ്ങളും വെട്ടിലായ അവസ്ഥയിലാണിപ്പോള്‍.

വ്യോമ മാര്‍ഗം കൂടാതെ കര – ജലഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു വിഭാഗങ്ങളിലെ രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും പൂര്‍ണ്ണമായി നിലച്ച മട്ടാണ്.

കുവൈറ്റില്‍ ഇറാഖി സേന നടത്തിയ അധിനിവേശത്തിന് സമാനമായ സാഹചര്യത്തിലേക്കാണോ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതെന്ന ആശങ്കയിലാണ് പ്രവാസികളായ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍.

Top