ഇന്ത്യക്ക് പിന്നാലെ ഇറാനും, ‘ത്രിശങ്കുവിലായി’ പാക്കിസ്ഥാന്‍ സൈന്യം, വെട്ടിലായി ചൈന . .

ന്യൂഡല്‍ഹി: ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനില്‍ കടന്നു കയറി ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പില്‍ ത്രിശങ്കുവിലായി പാക്ക് ഭരണകൂടം.

ഇന്ത്യയുമായി ഏറെ അടുപ്പമുള്ള ഇറാന്‍ സൈനിക ശക്തിയില്‍ ഒട്ടും പിന്നിലല്ല. മാത്രമല്ല ദീര്‍ഘകാലം ഇറാഖുമായി യുദ്ധം ചെയ്ത അനുഭവസമ്പത്തും അവര്‍ക്കുണ്ട്.

ചൈനയുമായി ചേര്‍ന്ന് പാക്ക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിക്കെതിരായ വികാരം തന്നെയാണ് ഇറാനുമുള്ളത്.

ഇന്ത്യയുമായി വ്യാപാര മേഖലയില്‍ ശക്തമായ പങ്കാളിത്തം ആഗ്രഹിക്കുന്ന ഇറാന്‍ ഭരണകൂടവുമായി യോജിച്ച് മുന്നോട്ട് പോകുമെന്നത് തന്നെയാണ് ഇന്ത്യയുടെയും നയം.

പാക്ക് സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ബാര്‍ഖി പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് ഇറാന്‍ അതിര്‍ത്തിരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

ജയ്‌ഷെ അല്‍ അദില്‍ എന്ന സുന്നി തീവ്രവാദ സംഘടന പാക്കിസ്ഥാനില്‍ നിന്നു നടത്തിയ ആക്രമണത്തിലാണ് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നത്.

‘ഇനിയും ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഞങ്ങള്‍ അവരുടെ സുരക്ഷിത സ്വര്‍ഗങ്ങളും കേന്ദ്രങ്ങളും എവിടെയായാലും ആക്രമിക്കും’ ഇറാന്‍ സൈനിക മേധാവി പ്രസ്താവനയില്‍ വ്യക്തമാക്കി.

പാക്ക് അധീന കാശ്മീരിലും അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക്ക് പ്രദേശത്തുമാണ് ഭീകര കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷും പ്രധാന ഭീകര താവളങ്ങള്‍ അഫ്ഗാന്‍ അതിര്‍ത്തിയിലാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തതിന് കൂടുതല്‍ വിപുലമായ ആക്രമണത്തിന് ഇന്ത്യ ഏത് നിമിഷവും തയ്യാറാകുമെന്നിരിക്കെ, ഇറാന്‍ കൂടി ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയായിട്ടുണ്ട്.

ഇന്ത്യയും ഇറാനും തമ്മിലുള്ള ‘ധാരണ ‘യുടെ പുറത്തുള്ള സംയുക്ത നീക്കമായി പോലും പാക്ക് സൈന്യം ഇപ്പോഴത്തെ നീക്കത്തെ കാണുന്നുണ്ട്. അതിനാല്‍ തന്നെ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പാക്ക് സൈന്യത്തിനു നല്‍കിയിരിക്കുന്നത്.

മേഖലയിലെ പുതിയ സാഹചര്യം ചൈനക്കും തിരിച്ചടിയാണ്. ഇന്ത്യ യും ഇറാനും പാക്കിസ്ഥാനെ ലക്ഷ്യമിട്ടാല്‍ സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴി ‘സ്വപ്നമായി ‘തന്നെ മാറുമോയെന്ന ആശങ്കയിലാണ് ചൈന.

കോടിക്കണക്കിന് ഡോളര്‍ ഇതിനകം മുടക്കി കഴിഞ്ഞ സാമ്പത്തിക ഇടനാഴിയുടെ പേര് വേണമെങ്കില്‍ മാറ്റാമെന്നും ഇന്ത്യക്ക് കൂടി പങ്കാളിത്തം നല്‍കാമെന്നും പറഞ്ഞ് ചൈന ഇപ്പോള്‍ രംഗത്ത് വന്നത് തന്നെ അവരുടെ പരിഭ്രാന്തിയുടെ തെളിവാണ്.

പാക്ക് അധീന കാശ്മീരിന്റെ സംരക്ഷണം കൂടിയായിട്ടാണ് അതുവഴി കടന്നു പോകുന്ന സാമ്പത്തിക ഇടനാഴിയെ പാക്കിസ്ഥാന്‍ നോക്കി കാണുന്നത്. ചൈനയില്‍ നിന്നും വാണിജ്യ ആവശ്യത്തിന് മാത്രമല്ല ആയുധങ്ങളും സൈനിക വിന്യാസവും എളുപ്പത്തില്‍ പാക്കിസ്ഥാനിലെത്തിക്കാന്‍ ഈ ഇടനാഴി വഴി കഴിയുമെന്നതിനാല്‍ ഗൗരവമായി കണ്ടാണ് ഇന്ത്യയുടെ തന്ത്രപരമായ കരുനീക്കങ്ങള്‍.

സാമ്പത്തിക ഇടനാഴി ചെന്നെത്തുന്ന പാക്ക് നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാനില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധം ഇന്ത്യന്‍ ഇടപെടലിന്റെ ഭാഗമാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നത് തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ്.

ഇനി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ആദ്യം ഇന്ത്യ ലക്ഷ്യമിടുക പാക് അധീന കാശ്മീരിലൂടെയുള്ള സാമ്പത്തിക ഇടനാഴിയായിരിക്കുമെന്ന് ചൈനക്കും ഉറപ്പാണ്.

Top