പുറത്തുള്ളതിനേക്കാള്‍ ‘കരുത്ത്’ ജയിലില്‍ ? ദിലീപിന്റെ എതിരാളികളുടെ ചങ്കിടിക്കുന്നു . .

കൊച്ചി: പുറത്തുള്ള ദിലീപിനേക്കാള്‍ പേടിക്കേണ്ടത് ‘അകത്തുള്ള’ ദിലീപ്.

കേരളത്തെ അത്ഭുതപ്പെടുത്തി കൊണ്ട് പ്രതികൂല സാഹചര്യത്തിലും വന്‍ വിജയത്തിലേക്ക് കുതിക്കുന്ന രാമലീലയെ നോക്കി അമ്പരന്നിരിക്കുകയാണ് ദിലീപിന്റെ എതിരാളികള്‍.

സിനിമ കാണുന്നത് ‘തെറ്റായ സന്ദേശം നല്‍കുമെന്ന’ പ്രചരണത്തെ അതിജീവിച്ച് പ്രേക്ഷകര്‍ സിനിമ കാണാന്‍ ഒഴുകുന്നതിനേക്കാള്‍, നിറഞ്ഞ കയ്യടികളോടെ ദിലീപിന്റെ ഡയലോഗുകള്‍ സ്വീകരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണമാണ് എതിരാളികളെ ഞെട്ടിക്കുന്നത്.

ജീവിതത്തില്‍ ദിലീപ് നേരിടുന്ന പ്രതിസന്ധിയോട് സാമ്യമുള്ള സന്ദര്‍ഭങ്ങളില്‍ സിനിമയിലെ നായക കഥാപാത്രം പറയുന്ന മാസ് ഡയലോഗ് രാമലീലയുടെ ഹൈലൈറ്റായി മാറിയിരിക്കുകയാണിപ്പോള്‍.

ഇനി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയാലും ഇല്ലങ്കിലും ശക്തമായ നിയമ പോരാട്ടത്തിന് ദിലീപിന് രാമലീലയുടെ വിജയം കരുത്താകും.

ദിലീപ് ഇല്ലാതെ പുതുമുഖ താരത്തെ വച്ച് ഈ കഥ ഇതേ രൂപത്തില്‍ എടുത്താലും സിനിമ വിജയിക്കുമായിരുന്നില്ലന്നാണ് സിനിമാ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്ര വലിയ ഒരു ഇനീഷ്യല്‍ കളക്ഷന്‍ കേരളത്തില്‍ മോഹന്‍ലാല്‍, മമ്മുട്ടി, ദിലീപ് ചിത്രങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.(തമിഴ്‌നടന്‍ വിജയ്, രജനി, അജിത്ത് എന്നിവര്‍ക്കും ഇതിനു സമാനമാണ്). സിനിമ അല്പം ഭേദപ്പെട്ടതാണെങ്കില്‍ പോലും വലിയ വിജയത്തിലേക്ക് കുതിക്കാന്‍ ഈ ‘ഊര്‍ജ്ജം’ തന്നെ ധാരാളമാണ്.

അടുത്തയിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍, മമ്മുട്ടി സിനിമകള്‍ പോലും വലിയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പ്രതികൂല സാഹചര്യത്തിലും ദിലീപ് സിനിമയുടെ മുന്നേറ്റമെന്നത് സിനിമാ നിരൂപകരെയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ജയിലിലായാലും മാര്‍ക്കറ്റ് വാല്യു നിലനിര്‍ത്താന്‍ ദിലീപിന് കഴിയുന്നത് അദ്ദേഹത്തിന്റെ താരപദവി ശക്തമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല, ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നത് പോലെ മറ്റേതെങ്കിലും താരത്തിന് അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നുവോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

ദിലീപ് പുറത്തിറങ്ങിയാലും ഇല്ലങ്കിലും സിനിമക്കകത്തെ ‘കരിങ്കാലികളെ’പാഠം പഠിപ്പിക്കാന്‍ തന്നെയാണ് വിവിധ സിനിമാസംഘടനകളുടെ തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് വരെ ഇതേ കുറിച്ച് ഒരു പ്രതികരണവും ആരും നടത്തേണ്ടതില്ലന്നാണ് തീരുമാനം.

അവള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ആരാണ് കുറ്റവാളിയെന്ന് വിചാരണ കോടതി തീരുമാനിക്കട്ടെ എന്നതാണ് സിനിമാ സംഘടനകളുടെ പൊതു നിലപാട്.

രാമലീല കാണാന്‍ തിയറ്ററുകളില്‍ എത്തിയവര്‍ ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തിലും ദിലീപിനെതിരെയുള്ള കേസ് അദ്ദേഹത്തിന്റെ സിനിമ കാണുന്നതിന് തടസ്സമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇത്രയും വലിയ കേസില്‍ അറസ്റ്റ് ചെയ്തിട്ടും ജനങ്ങള്‍ കൂട്ടത്തോടെ പ്രതി നായകനായ സിനിമ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് : എം വിനോദ്

Top