ഗവർണ്ണറുടെ നീക്കം ‘ ടെസ്റ്റ് ഡോസ്’, 2019 ലക്ഷ്യമിട്ട് സർക്കാറിനെ അട്ടിമറിക്കാൻ നീക്കം

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചു വരുത്തിയത് ‘ടെസ്റ്റ് ഡോസ് ‘ മാത്രമാണെന്ന് സൂചന.

ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബോധ്യമുണ്ടായിട്ടും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണ്ണര്‍ പി.സദാശിവം ഈ കടുത്ത നടപടിക്ക് മുതിര്‍ന്നത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായിരുന്നു.

തമിഴ്‌നാട് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നതിനായുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഘട്ടത്തില്‍ തന്നെയാണ് കേരളത്തില്‍ വീണ്ടും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

മുന്‍പ് സമാനമായ സാഹചര്യമുണ്ടായപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരന്നു.

വിഷയത്തില്‍ ഗവര്‍ണ്ണര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കിലും ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് സദാശിവത്തെ മാറ്റണമെന്ന നിലപാടിലായിരുന്നു.

ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലിരിക്കെ, ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ച നടപടി ബി.ജെ.പി നേതൃത്വത്തിന് തൃപ്തി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടി വന്നത് ഗവര്‍ണ്ണര്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണെന്നാണ് സംഘ പരിവാറിന്റെ അവകാശവാദം.

ഇപ്പോള്‍ താല്‍ക്കാലികമായി സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെങ്കിലും വീണ്ടും പ്രതികാര നടപടിയുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാറിന് മുന്നിലുണ്ടെന്നും ഉചിതമായ സമയത്ത് ‘ഉചിതമായ ‘ തീരുമാനം ഉണ്ടാകുമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

2019ല്‍ നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാലും അത്ഭുതപ്പെടേണ്ടതില്ലന്നാണ് പ്രമുഖ ബി.ജെ.പി നേതാവ് പ്രതികരിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളം രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഫെഡറല്‍ സംവിധാനത്തിന് എതിരായിട്ടും മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയത് അപകട സിഗ്‌നലായിട്ടാണ് അവര്‍ കാണുന്നത്.

ഇനി ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

Top