ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ഈ മാസം 19ന്

ലണ്ടന്‍: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ലണ്ടന്‍, റോം, പാരിസ് എന്നിവിടങ്ങളില്‍നിന്നും ഈമാസം കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങള്‍ പറക്കും. 19ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍നിന്നും കൊച്ചിയിലേക്കുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തുക. നേരത്തെ ഡല്‍ഹി, മുംബെ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ബ്രിട്ടനില്‍നിന്നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു.

ഈ പട്ടികയില്‍ കേരളത്തിലെ ഒരു വിമാനത്താവളവും ഉള്‍പ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ വിവിധ മലയാളി സംഘടനാ നേതാക്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ലണ്ടന്‍-കൊച്ചി-വിജയവാഡ, ലണ്ടന്‍-വാരണാസി-ഗയ, ലണ്ടന്‍-അഹമ്മദാബാദ്ഇന്‍ഡോര്‍, ലണ്ടന്‍-ഡല്‍ഹിജയ്പുര്‍, മാഞ്ചസ്റ്റര്‍ -അമൃത്സര്‍ എന്നിവയാണ് രണ്ടാം പട്ടികയില്‍ ലണ്ടനില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍. റോമില്‍നിന്നും പാരിസില്‍നിന്നും പ്രത്യേക വിമാനങ്ങള്‍ കൊച്ചിയിലേക്ക് അനുവദിച്ചിട്ടുണ്ട്. പാരിസില്‍നിന്നുള്ള വിമാനം ബെംഗളൂരു വഴിയാകും കൊച്ചിയിലേക്കു സര്‍വീസ് നടത്തുക.

നാട്ടില്‍ പോകാന്‍ താല്‍പര്യം അറിയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ പേരു റജിസ്റ്റര്‍ ചെയ്തവരില്‍നിന്നും മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മെഡിക്കല്‍ എമര്‍ജന്‍സിയുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍ തുടങ്ങിയവര്‍ക്കാണു മുന്‍ഗണന.

Top