കര്‍ണാടകയ്ക്ക് പ്രത്യേക പതാക ; സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചു

ബംഗലൂരു: കര്‍ണാടകയ്ക്ക് പ്രത്യേക പതാക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരൊറ്റ രാജ്യം ഒരേ സ്വരമെന്ന തത്വവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സംസ്ഥാനത്തിന് മാത്രമായി ഒരു പതാക സാധ്യമാണോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്.

കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ക്ക് നിയമപരമായ അനുമതി ലഭിച്ചാല്‍ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക.

നേരത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഈ നിര്‍ദ്ദേശം തള്ളിയിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നല്ലതായിരിക്കില്ല പ്രത്യേക പതാകയെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സങ്കുചിത പ്രാദേശിക വാദം ഉയര്‍ത്താന്‍ ഇത് കാരണമാകുമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ നിലപാട്.

കര്‍ണാടകയ്ക്ക് സ്വന്തമായി പതാക രൂപം നല്‍കാനുള്ള തീരുമാനം സംസ്ഥാന നിയമസഭയില്‍ മുന്നോട്ടുവച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തിന് മാത്രമായി പതാകയ്ക്ക് രൂപം നല്‍കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് എം കജ്രോള്‍ ചൂണ്ടിക്കാട്ടി.

ഈ തീരുമാനം സമീപ ഭാവിയില്‍ ജനങ്ങളുടെ മനസ്സില്‍ ഇടുങ്ങിയ വര്‍ഗ്ഗീയ ചിന്താഗതി സൃഷ്ടിക്കുമെന്നും കജ്രോള്‍ സൂചിപ്പിച്ചു.

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡയും ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യ ഒറ്റ രാജ്യമാണെന്നും ഒരു രാജ്യത്തിന് രണ്ട് പതാകയെന്ന തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപീകരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാറിന്റേയും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടേയും വാദം.

സംസ്ഥാനങ്ങളുടെ ഔചിത്യത്തിനനുസരിച്ചുള്ള ഫ്‌ളാഗ് കോഡ് തിരഞ്ഞെടുക്കാനുള്ള അനുമതി ഉണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഔദ്യോഗിക പതാക രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് പാനലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നുള്ള നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.

നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ തത്വത്തോട് ചേരുന്നതും എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക തിരിച്ചറിയല്‍ നല്‍കുന്നതുമായ പതാകയാവും ഔദ്യോഗിക പതാകയായി പരിഗണിക്കുകയെന്നാണ് കമ്മിറ്റിയുടെ പ്രതികരണം.

നിലവില്‍ കശ്മീരിനു മാത്രമാണ് പ്രത്യേക പതാകയുള്ളത്. സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പാണ് കശ്മീരിന്റെ പ്രത്യേക പതാക അനുവദിക്കുന്നത് .

Top