മയക്കുമരുന്ന് ഉപയോഗത്തില്‍ നടിമാരും, സിനിമാമേഖലയില്‍ പിടിമുറുക്കാന്‍ പൊലീസ്

cocaine

കൊച്ചി: കൊച്ചിയിലേക്ക് 25 കോടിയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള അന്വേഷണ സംഘമാണിത്.

നര്‍ക്കോട്ടിക് വിഭാഗത്തില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് വിശദാംശം ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഐ.ബിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

യുവതിക്ക് നഗരത്തിലെ പ്രധാന ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത് ഓണ്‍ലൈന്‍ വഴിയാണെന്നും കമ്യൂണിക്കേഷന്‍ വാട്‌സ് ആപ്പ് വഴിയാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

യുവതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ ലോക്കല്‍ പൊലീസിന്റെ ശ്രമം.

ഇതിനിടെ നഗരത്തിലെ ലഹരി മാഫിയകളെ കുറിച്ച് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് സംശയിക്കുന്നവരുടെ മൊബൈല്‍ ഇ-മെയില്‍ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.

വലിയ തുക നല്‍കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സിനിമാ മേഘലയിലുള്ളവരും വലിയ ബിസിനസ്സുകാരുടെ മക്കളുമുണ്ട്.

ന്യൂ ഇയറിന് മാത്രമല്ല ,അടിക്കടി നിശാപാര്‍ട്ടികള്‍ . . മോഡലുകളും നടിമാരുമെല്ലാം പങ്കെടുത്ത് നഗരത്തിനകത്ത് തന്നെ നടക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചതായാണ് പറയപ്പെടുന്നത്.

പ്രമുഖരായ നടിമാരും മയക്കുമരുന്ന് ഉപയോഗത്തില്‍ മുന്നിലാണെന്ന സൂചനയും പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്.

ലഹരി ഉപയോഗിക്കുന്നവരുടെ ഒരു കോക്കസ് മലയാള സിനിമയിലുണ്ടെന്നതാണ് എല്ലാവരും പറയുന്ന രഹസ്യം. ഇതിനകത്ത് ചില ഹിറ്റ് സിനിമകളുടെയും സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളുമെല്ലാം ഉള്‍പ്പെടുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്ത് തൊട്ടടുത്ത ഫ്‌ളാറ്റിലെ വീട്ടമ്മയുടെ മുന്നില്‍ തുണിയില്ലാതെ വന്നതിന് പിടിയിലായിരുന്നു. ലഹരിയുപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. മറ്റൊരു സംവിധായകന് തിരക്കഥയൊരുക്കാന്‍ ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴായിരുന്നു ഈ സംഭവം.

നിശാപാര്‍ട്ടിക്ക് വേണ്ടി എത്തിച്ച ലഹരി മരുന്ന് പിടികൂടുന്നതിനിടയില്‍ ഫ്‌ളാറ്റില്‍ നിന്ന് യുവതാരം പിടിയിലായതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ യുവാവും പിടിയിലായിരുന്നു. സിനിമാക്കാര്‍ക്കിടയില്‍ ഏറെ പരിചിതനായിരുന്ന ഈ യുവാവും സിനിമയിലെ യുവതാരങ്ങളുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ അക്കാലത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.

ഷൂട്ടിംഗിന്റെ അമിത ടെന്‍ഷനും ക്ഷീണവും തീര്‍ക്കാനും ഉന്മാദത്തിനുമായാണ് പലരും ലഹരി ശീലമാക്കുന്നത്. യുവതാരങ്ങളില്‍ ചിലര്‍ ഇത്തരത്തില്‍ ലഹരിക്ക് അടിപ്പെട്ടവരാണെന്ന് സിനിമമേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു. കുടുംബമൊത്ത് താമസിക്കുന്നതിനു പുറമേ, ഒരു ഫ്‌ളാറ്റോ വീടോ ഇവര്‍ നഗരത്തില്‍ ഇതിനായി ഒരുക്കുകയും ചെയ്യും.

ഇപ്പോള്‍ മയക്കുമരുന്നു സഹിതം ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ കൊച്ചി സിറ്റിയിലെ മയക്കുമരുന്നു വേട്ട ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

റിപ്പോര്‍ട്ട് : എം വിനോദ്

Top