വേണ്ടേ, പുരുഷന്‍മാര്‍ക്കും നീതി ? പക വീട്ടാന്‍ സ്ത്രീത്വത്തെ ‘ആയുധമാക്കുന്നത്’ ശരിയാണോ ?

ഭയകക്ഷി സമ്മതപ്രകാരം ലൈംഗികപരമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ സ്ത്രീ നല്‍കുന്ന പരാതിയില്‍ പെട്ടെന്ന് തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന നടപടിക്ക് ഒരു മാറ്റം അനിവാര്യമാണ്.

കേരളത്തില്‍ ഇപ്പോള്‍ നടന്ന രണ്ട് വിവാദമായ സ്ത്രീ പീഡന കേസുകള്‍ സൂഷ്മമായി നിരീക്ഷിക്കുമ്പോള്‍ നിയമത്തിന്റെ ‘ദുരുപയോഗം’ ആരെങ്കിലും ദര്‍ശിച്ചാല്‍ അവരെ പൂര്‍ണ്ണമായും കുറ്റം പറയാന്‍ സാധിക്കില്ല.

കോവളം എം.എല്‍.എ ആയാലും മാധ്യമ പ്രവര്‍ത്തകനായാലും രണ്ടു പേരും അഴിക്കുള്ളിലായത് ഏറെ അടുപ്പമുണ്ടായിരുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയിന്‍മേലാണ്.

എം.എല്‍.എയും മാധ്യമ പ്രവര്‍ത്തകനും പരാതിക്കാരായ സ്ത്രീകളെ അങ്ങോട്ട് വിളിച്ചതിന്റെയും കണ്ടതിന്റെയും എല്ലാം കണക്കുകളും നിരത്തുന്ന പൊലീസ്, പരാതിക്കാരായ സ്ത്രീകള്‍ എത്ര തവണ ‘പ്രതികളെ’ അങ്ങോട്ട് വിളിച്ചിട്ടുണ്ട് എന്നതും കണ്ടില്ലെന്ന് നടിക്കരുത്.

ഇത് പറയുമ്പോള്‍ സ്ത്രീ വിരോധികളായി ഞങ്ങളെ ആരെങ്കിലും മുദ്ര കുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളു.

നടി ആക്രമിക്കപ്പെട്ടത് പോലെ അതി ക്രൂരമായ ഒരു സംഭവമായി ഒരിക്കലും ഇപ്പോഴത്തെ രണ്ട് വിവാദ സംഭവങ്ങളെയും കാണാന്‍ സാധിക്കില്ല.

ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ആര് സ്പര്‍ശിച്ചാലും നടപടി ഉണ്ടായേ മതിയാവൂ. എന്നാല്‍ അത് ഒരിക്കലും ഏതെങ്കിലും സ്ത്രീയുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി പിന്നീട് ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ല എന്നത് നീതി പീഠം ഉറപ്പു വരുത്തേണ്ടതുണ്ട്.

ചില പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളും ഇത്തരം കാര്യങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ ഗുരുതരമായിരിക്കും.

ഇപ്പോഴത്തെ നിയമം ഏത് സ്ത്രീയും എപ്പോള്‍ വേണമെങ്കിലും പുരുന്മാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ അവര്‍ ജാമ്യമില്ലാതെ അഴിയെണ്ണേണ്ടി വരുമെന്നതാണ്. മാനഹാനിയും ധനനഷ്ടവും വേറെ.

സംസ്ഥാനത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള പല കേസുകളിലും പ്രതികളായവരെ നിരപരാധിയെന്ന് കണ്ട് നീതിപീഠം വിട്ടയക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സാങ്കേതികമായി ജയിലിന് പുറത്തിറങ്ങിയെങ്കിലും ഇവരുടെയെല്ലാം കുടുംബജീവിതം തരിപ്പണം തന്നെയാണിപ്പോഴും.

ഒരിക്കല്‍ സ്ത്രീപീഡകനായി മുദ്ര കുത്തിയവനെ കോടതി വെറതെ വിട്ടാലും കുറ്റവിമുക്തമാക്കാത്ത സമൂഹമാണ് നമ്മുടേത്. ഇതിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെയൊക്കെ കണ്ണിന്റെ മുന്നില്‍ തന്നെയുണ്ട്.

സ്ത്രീപീഡന നിയമം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ പുതിയ നിയമം തന്നെ വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമാകുന്നത്.

പാവപ്പെട്ട സ്ത്രീകളെ പിച്ചിചീന്തുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ ചെറിയ ഒരു ജാഗ്രത ഉഭയകക്ഷി ബന്ധപ്രകാരം ഇടപെട്ടവരുടെ പരാതികളിലെങ്കിലും കാണിക്കേണ്ടത് തന്നെയാണ്.

ഇത്തരം പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷമായിരിക്കണം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതും പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതും.

Team express Kerala

Top