സ്‌പെഷ്യല്‍ എഡിഷന്‍ സുസുകി ജിക്‌സര്‍ എസ്പി, ജിക്‌സര്‍ എസ്എഫ് എസ്പി ബൈക്കുകള്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: സുസുകി ജിക്‌സര്‍ എസ്പി, ജിക്‌സര്‍ എസ്എഫ് എസ്പി സ്‌പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ചു.

സ്‌പെഷ്യല്‍ എഡിഷന്‍ സുസുകി ജിക്‌സര്‍ എസ്പി മോഡലിന് 81,175 രൂപയും, ജിക്‌സര്‍ എസ്എഫ് എസ്പി മോഡലിന് 99,312 രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

എന്നാല്‍, സ്റ്റാന്റേഡ് വേര്‍ഷനേക്കാള്‍ സ്‌പെഷല്‍ എഡിഷനുകള്‍ക്ക് മാറ്റമൊന്നുമില്ല. സിങ്കിള്‍ ചാനല്‍ എബിഎസ് ഫീച്ചറോടെ സുസുകി ജിക്‌സര്‍ എസ്എഫ് പുറത്തിറക്കി ദിവസങ്ങള്‍ക്കകമാണ് സ്‌പെഷ്യല്‍ എഡിഷന്‍ ജിക്‌സറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ത്രിവര്‍ണ്ണ പെയിന്റ്, ഫ്രണ്ട് കൗളിലും ഇന്ധന ടാങ്കിലും ആകര്‍ഷകമായ ഗ്രാഫിക്‌സ് എന്നിവ 2017 സുസുകി ജിക്‌സര്‍ എസ്പി വേര്‍ഷന്റെ സവിശേഷതകളാണ്.

കൂടാതെ, ജിക്‌സര്‍ എസ്പി 2017 എന്ന എംബ്ലം ബൈക്കില്‍ കാണാം. പുതിയ ഓറഞ്ച് ബ്ലാക്ക് നിറത്തിലാണ് സ്‌പെഷല്‍ എഡിഷന്‍ മോഡലുകള്‍ ലഭിക്കുക.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ സുസുകി ജിക്‌സര്‍ എസ്പി, ജിക്‌സര്‍ എസ്എഫ് എസ്പി എന്നിവയ്ക്ക് മാറ്റമൊന്നുമില്ല. 154.9 സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 14.5 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ പരമാവധി 14 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ജിക്‌സര്‍ എസ്എഫിനെ കഴിഞ്ഞ വര്‍ഷം ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ നല്‍കി പരിഷ്‌കരിച്ചിരുന്നു.

Top