ഒത്തുതീർപ്പ് ; ചൈനീസ് സേന ‘കട്ട കലിപ്പിൽ’ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങരുതായിരുന്നെന്ന്

ബീജിങ്: ദോക് ലാമില്‍ നിന്നും ഇരു സേനകളും പിന്‍വാങ്ങാമെന്ന് ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ ധാരണ ചൈനീസ് സേനയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതായി റിപ്പോര്‍ട്ട്.

ഇന്ത്യ തുടക്കം മുതല്‍ ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിച്ചതു വഴി ദോക് ലാം ചൈനയുടെ പരിധിയില്‍പ്പെട്ട സ്ഥലമല്ലന്ന് ചൈന തന്നെ അംഗീകരിച്ചതായി വിലയിരുത്തപ്പെടുമെന്നാണ് ചൈനീസ് സൈന്യം ചൂണ്ടിക്കാണിക്കുന്നത്.

ലഡാക്കില്‍ പോലും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈന്യത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നതിലും ചൈനീസ് സേന കോപത്തിലാണ്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ വു ഖ്വിയാനാണ് ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

ദോക്‌ലാം പ്രശ്‌നത്തിനു ശേഷം ചൈനീസ് സൈന്യം തങ്ങളുടെ പ്രവിശ്യകള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗരൂകരാണെന്നു വു ഖ്വിയാന്‍ വ്യക്തമാക്കി.

സൈന്യത്തിന്റെ മനോവീര്യം കെടാതിരിക്കാന്‍ ദോക് ലാമില്‍ പട്രോളിങ്ങ് തുടരുമെന്ന് ചൈനീസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടൊന്നും സേനയിലെ പ്രതിഷേധം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദോക് ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലങ്കില്‍ സൈനികമായി നേരിടുമെന്ന് വെല്ലുവിളിച്ചത് ‘അബദ്ധമായി’ പോയെന്ന നിലപാടിലാണ് ചൈനീസ് സേന.

സേനക്കകത്തെ പ്രതിഷേധം സര്‍ക്കാര്‍ തലത്തില്‍ സൈനിക മേധാവി തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് സേനയുടെ മനോവീര്യം കെടാതിരിക്കാന്‍ മേഖലയില്‍ പട്രോളിങ് തുടരുമെന്ന് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
21175905_1996232460612618_25423398_n

എന്നാല്‍ സ്വന്തമെന്ന് പറയുന്ന സ്ഥലത്ത് ചൈന പട്രോളിങ്ങ് നടത്തുന്നതു പോലെ ഇന്ത്യന്‍ സേനയും ഭൂട്ടാനുമായുള്ള കരാര്‍ പ്രകാരം പട്രോളിങ് നടത്തുമെന്നതിനാല്‍ ഈ വാദത്തിന് തന്നെ പ്രസക്തി ഇല്ലന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭൂട്ടാന്റെ കൈവശമുള്ള ദോക് ലാം ചൈന ചൈനയുടേതെന്ന് അവകാശപ്പെട്ടിട്ടും അവിടെ അതിക്രമിച്ചു കയറിയ ഇന്ത്യന്‍ സേനയെ തുരത്താന്‍ കഴിയാത്തത് ചൈനയുടെ പാളിച്ച തന്നെയാണെന്നാണ് അവരുടെ വിലയിരുത്തല്‍.

നേരത്തെ അമേരിക്ക , ജപ്പാന്‍, ഇസ്രായേല്‍ എന്നി ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണയുമായി എത്തിയതും ചൈനയ്ക്ക് തിരിച്ചടിയായിരുന്നു.

എന്തിന്റെ പേരിലായാലും ഇരു വിഭാഗവും ദോക് ലാമില്‍ നിന്ന് ഒരുമിച്ച് പിന്‍മാറുന്നത് ഫലത്തില്‍ ഇന്ത്യന്‍ വിജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പിന്‍മാറ്റം ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിയെങ്കില്‍ ചൈനയ്ക്കത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

എങ്ങിനെ പരസ്പരം ധാരണ ഉണ്ടായി എന്നകാര്യത്തില്‍ ലോക വന്‍ ശക്തികളായ റഷ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍പോലും ഇപ്പോള്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഏഷ്യയിലെ വന്‍ ശക്തിയെന്ന് അഹങ്കരിച്ച ചൈന ഇത്രയും പെട്ടെന്ന് നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് ലോകരാഷ്ട്രങ്ങളൊന്നും തന്നെ കരുതിയിരുന്നില്ല.

ആഗോളതലത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടാകുമായിരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നാണ് ഈ പിന്മാറ്റം മൂലം രക്ഷനേടാനായതെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

അടുത്തമാസം ആദ്യവാരം ചൈനയില്‍ വെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കേണ്ടത് ചൈനയ്ക്ക് അനിവാര്യമായിരുന്നു. ബ്രിക്‌സ് രാജ്യങ്ങളില്‍ ചൈന ഒഴികെയുള്ള മറ്റ് എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്ക് ഒപ്പമാണ് എന്നത് ചൈനയ്ക്ക് വെല്ലുവിളിയായിരുന്നു.

ചൈനയുടെ പിന്‍മാറ്റത്തിനുള്ള കാരണമായി നയതന്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍ ചുവടെ.

1. ഇന്ത്യക്ക് നിലവില്‍ അയല്‍രാജ്യങ്ങളുമായും അമേരിക്ക,റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രയേല്‍, ബ്രിട്ടണ്‍ തുടങ്ങിയ വന്‍ ശക്തികളുമായും ദൃഢമായ നയതന്ത്ര ബന്ധങ്ങളാണുള്ളത്. ഈ ബന്ധങ്ങള്‍ ചൈനയെ ഭയപെടുത്തുന്നു. പ്രത്യേകിച്ച് അമേരിക്കയുമായും റഷ്യയുമായുള്ള ബന്ധം ചൈനയ്ക്ക് അവഗണിക്കാവുന്നതല്ല.

ലോകരാജ്യങ്ങള്‍ എതിര്‍ ക്യാമ്പില്‍ എത്തിയാല്‍ പക്വതയുള്ള ഒരു രാജ്യമെന്ന നിലയില്‍ നേടിയെടുക്കാവുന്ന നേട്ടങ്ങള്‍ ഇല്ലാതാകും എന്ന് ചൈനക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്.

2. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സംരംഭം ചൈനക്ക് വിലങ്ങ് തടിയായി നില്‍ക്കുന്ന ഒന്നാണ്. ഏഷ്യന്‍ മേഖലയില്‍ തങ്ങളുടെ ആധിപത്യമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചൈന പാക്കിസ്ഥാനുമായി ചേര്‍ന്ന് 52 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ റോഡ് പണിയാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ റോഡ് കടന്ന് പോകുന്നത് പാകിസ്താനുമായി ഇന്ത്യക്ക് തര്‍ക്കമുള്ള കശ്മീരിന്റെ ഒരു ഭാഗത്തുകൂടിയാണ്.

ശ്രീലങ്കയെപ്പോലുള്ള ചില അയല്‍രാജ്യങ്ങളും ഈ റോഡിന്റെ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. അതിനാല്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി നടപ്പാക്കാന്‍ ചൈനക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടിവരും.
21208268_1996232280612636_117361562_n

3. ഏഷ്യന്‍ സമ്പദ്ഘടനയില്‍ ഇന്ന് ഇന്ത്യ വഹിക്കുന്ന പ്രാധാന്യം ലോകരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചാ വിഷയമാണ്. അതിനാല്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന ചൈനക്ക് ബ്രിക്‌സ് രാജ്യങ്ങളുടെ സാമ്പത്തിക സഹകരണം ചര്‍ച്ച ചെയ്യാനായി ഇന്ത്യയെ അഭിമുഖീകരിക്കാന്‍ പ്രയാസമാണ്.

4. ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തിയായി വളരുന്നത് ചൈനയുടെ പേടി സ്വപ്‌നങ്ങളില്‍ ഒന്നാണ്. ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന സാമ്പത്തിക മേധാവിത്തം കാരണം ഏതൊരു രാജ്യവും ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കും.പ്രത്യേകിച്ചും ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വന്‍ മേധാവിത്തം ചൈന ആഗ്രഹിക്കുന്ന സാഹചര്യത്തില്‍.

5. ചൈനയെ മറികടന്നുകൊണ്ട് ഇന്ത്യ ആഗോള വളര്‍ച്ചയുടെ ലോകധ്രുവമായാണ് ഉയര്‍ന്നിട്ടുള്ളതെന്ന് അടുത്തിടെ ഹാര്‍വാര്‍ഡ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. അടുത്ത ദശകത്തില്‍ ഇന്ത്യയുടെ നേതൃത്വം കൂടുതല്‍ ഉയരുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് (സിഐഐഡി) അനുമാന പ്രകാരം 2025 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 7.7 ശതമാനമാണ്

6.ആഗോളതലത്തിലെ സമ്പദ് വ്യവസ്ഥകളില്‍ ശക്തമായ പങ്ക് ഇന്ത്യ വഹിക്കുന്നുണ്ട്. BRICS (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന സാമ്പത്തിക-ആയുധ ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നു.

7 . ഇന്ത്യയുമായുള്ള ബന്ധം മുറിച്ചുമാറ്റിയാല്‍ വ്യാപാരമേഖലയില്‍ ചൈന തകര്‍ച്ച നേരിടേണ്ടിവരും. ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് വിപണികളിലൊന്നാണ് ഇന്ത്യ. ചൈനയുമായി പരമ്പരാഗതമായി ഒരു വ്യാപാരമുണ്ടെകിലും ഇന്ത്യയെക്കാള്‍ കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് ചൈനക്കായിരിക്കും.

നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 52 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണുള്ളത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ ചൈനയിലേക്ക് ഏകദേശം 9 ബില്ല്യണ്‍ രൂപയുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് 60 ബില്യണ്‍ ഡോളര്‍ രൂപയുടെ സാധനങ്ങളും ഇറക്കുമതി ചെയ്തു.

ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് വലിയ വ്യാപാര അവസരമാണ് ഇന്ത്യ നല്‍കി വരുന്നത്. ഇലക്ട്രോണിക് വസ്തുക്കള്‍ മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വരെയുള്ള എല്ലാ മേഖലകളിലും ചൈനീസ് സാന്നിദ്ധ്യം പ്രകടമാണ്

യുദ്ധം പോലെയുള്ള സ്ഥിതിഗതികള്‍ ഉണ്ടായാല്‍ ചൈനക്ക് വ്യാപാര രംഗത്ത് കനത്ത തിരിച്ചടി നേരിടേണ്ടിവരും.

ഈ കാരണങ്ങള്‍ക്കെല്ലാം പുറമെ 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന പരമപ്രധാനമായ തിരിച്ചറിവും ചൈനയുടെ പിന്‍മാറ്റത്തിന് കാരണമായ സുപ്രധാന ഘടകമാണ്.

Top