ഹാദിയയുടെ പഠനം കഴിയും മുന്‍പ് ഷെഫിന്‍ അകത്താകുമോ ? അന്വേഷണം ശക്തമായി

കൊച്ചി: കേരളത്തില്‍ ഐ.എസ്.ബന്ധമുള്ളവരെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കി എന്‍.ഐ.എ.

ഹാദിയ കേസില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ വിപുലമായ അന്വേഷണത്തിനാണ് നിര്‍ദ്ദേശം.

ഇതിനായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍.ഐ.എ ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫീന്‍ ജഹാന്‍ ചോദിച്ചതായി എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുദ്രവെച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഷെഫീന് ഐ.എസ് ബന്ധം ഉണ്ടെന്ന ശക്തമായ നിഗമനത്തിലാണ് എന്‍.ഐ.എ. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നീക്കം.

ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നാണ് എന്‍.ഐ.എയുടെ വാദം.

ആവശ്യമായ തെളിവുകള്‍ ലഭ്യമായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോവാനാണ് എന്‍.ഐ.എയുടെ നീക്കം.

മകളെ ഐ.എസില്‍ ചേര്‍ക്കുന്നതിനായാണ് മതം മാറ്റിയതെന്നാണ് ഹാദിയയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കാനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം ഹാദിയ കേസില്‍ അന്തിമ വിധി വരും മുന്‍പ് ഷെഫീന്‍ ജഹാനെ ജയിലിലടക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്.

Top