ദിലീപിന്റെ ജയിൽവാസം സിനിമയാകും, ദിലീപ് നായകനും നാദിർഷ സംവിധായകനും !

കൊച്ചി: ദിലീപിന്റെ ജയില്‍വാസം ഉള്‍പ്പെടെ താരം അനുഭവിച്ച വേട്ടയാടല്‍ സിനിമയായേക്കും.

നേരത്തെ ഇതു സംബന്ധിച്ച ചില സൂചനകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ജയില്‍ മോചിതനായ ശേഷം ദിലീപിനെ സന്ദര്‍ശിച്ച അടുത്ത സുഹൃത്തുക്കള്‍ സിനിമയിലൂടെ എല്ലാം തുറന്ന് കാട്ടണമെന്ന നിലപാടാണ് പങ്കുവച്ചത്.

മാധ്യമങ്ങളടക്കം ഏകപക്ഷീയമായി വേട്ടയാടിയ പശ്ചാത്തലത്തിലാണ് സിനിമയിലൂടെ തന്നെ ശക്തമായ മറുപടി നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്.

കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി വന്നതിനു ശേഷം മാത്രം ഇക്കാര്യം ആലോചിക്കാമെന്ന നിലപാടാണത്രെ താരത്തിന്.

85 ദിവസം ജയിലിലും അതിനു മുന്‍പും താന്‍ അനുഭവിച്ചത് പകര്‍ത്താന്‍ സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ദിലീപിന് മറ്റൊരു തിരക്കഥാകൃത്തിന്റെ സഹായം പോലും ആവശ്യമില്ലന്നാണ് സിനിമാ രംഗത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇനി ഒരു ‘ദിലീപുമാര്‍ക്കും’ ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ വ്യക്തമായ സന്ദേശവും മുന്നറിയിപ്പും അത്തരമൊരു സിനിമ യാഥാര്‍ത്ഥ്യമായാല്‍ അതില്‍ ഉണ്ടാകുമെന്നാണ് സുഹൃത്തുക്കളുടെ പ്രതീക്ഷ.

ദിലീപിന് സമാനമായി ‘വേട്ടയാട’പ്പെട്ട നാദിര്‍ഷ തന്നെ അനുഭവകഥ സിനിമയാകുമ്പോള്‍ സംവിധായകനായി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

നടിയെ ആക്രമിച്ചവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോഴും ഇതിന്റെ പേരില്‍ നിരപരാധിയെ ബലിയാടാക്കുന്നത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ ഒരുപാട് നിരപരാധികള്‍ക്ക് ഈ ഗതി വരുമെന്ന അഭിപ്രായമാണ് സിനിമാ മേഖലയിലെ ദിലീപ് അനുകൂലികള്‍ക്കുള്ളത്.

അതുകൊണ്ട് തന്നെ ദിലീപിനൊപ്പം അടിയുറച്ച് നില്‍ക്കാനാണ് ബഹു ഭൂരിപക്ഷത്തിന്റെയും തീരുമാനം. വിചാരണ കോടതി വിധി ദിലീപിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം.

അതേസമയം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ദിലീപിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ താര സംഘടന തന്നെ പിളരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിലവില്‍ മാറി തുടങ്ങിയതായും സൂചനകളുണ്ട്.

അറസ്റ്റിലായപ്പോള്‍ ആരോപണ വിധേയന് സസ്‌പെന്‍ഷന്‍ നല്‍കുന്നതിന് പകരം പുറത്താക്കിയത് പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരുടെ നിലപാടിന്റെ പശ്ചാത്തലത്തിലായതിനാല്‍ ഇവര്‍ക്കെതിരെയാണ് പ്രധാനമായും കലിപ്പ്.

ചാനല്‍ ചര്‍ച്ചകളില്‍ പരസ്യമായി ദിലീപിനെ ‘ആക്രമിച്ച’വരുമായി യാതൊരുവിധ സഹകരണവും മേലില്‍ വേണ്ടെന്ന അഭിപ്രായവും സിനിമാപ്രവര്‍ത്തകരില്‍ ശക്തമാണ്.

ഇതിനിടെ പ്രതിസന്ധി ഘട്ടത്തിലും രാമലീല വന്‍ ഹിറ്റിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ മാര്‍ക്കറ്റ് വാല്യു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

ഇത് ദിലീപിനെതിരെ നിലപാട് എടുത്ത ചില സിനിമാ പ്രവര്‍ത്തകരടക്കം പലരെയും ഞെട്ടിച്ചിട്ടുണ്ട്.

Top