സംഘപരിവാറിനെ പ്രതിരോധത്തിലാക്കിയത് യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ സംഘടന !

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ നടന്ന ഭാരതീയ ഹിന്ദു സേനയുടെ ആക്രമണത്തില്‍ സംഘപരിവാറിനെ വെട്ടിലാക്കിയത് യോഗി ആദിത്യനാഥ് !

യു പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് മുന്‍പ് രൂപീകരിച്ച ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മും പ്രതിപക്ഷ പാര്‍ട്ടികളും പരിവാര്‍ നേതൃത്വത്തെ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

ഹിന്ദു സേന, സംഘപരിവാര്‍ കുടുംബത്തിലില്ലന്ന് പറഞ്ഞ് ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദു യുവവാഹിനിയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും കാവി പടയെ പ്രതിരോധത്തിലാക്കുന്നത്.

സംഘപരിവാറില്‍ ഉള്‍പ്പെടാത്ത ഹിന്ദു യുവവാഹിനി യോഗി ആദിത്യനാഥ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍കൈ എടുത്ത് സ്ഥാപിച്ച സംഘടനയാണ്.

യുപിയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഈ സംഘടനയിലെ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടന്‍ യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിരുന്നു.

സംഘപരിവാറിന്റെ ‘ചട്ടക്കൂട്ടിന്’ വെളിയില്‍ ആദിത്യനാഥിന് മറ്റൊരു ‘മുഖം ‘ നല്‍കി ഹിന്ദു യുവവാഹിനിണ്ടാക്കിയത്‌ ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു. യു പി ‘പിടിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം.

ഒരു ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ സ്വന്തമായി സംഘപരിവാറിന്റെ പുറത്ത് ഒരു സംഘടന രൂപീകരിക്കുക എന്നത് നടപ്പുള്ള കാര്യമല്ലെന്നിരിക്കെ, തീവ്ര ഹിന്ദുത്വ നിലപാട് സജീവമാക്കി നിര്‍ത്താന്‍ ഹിന്ദു യുവവാഹിനിയെ യുപിയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

ഡൽഹിയിൽ യച്ചൂരിക്ക് നേരെ സി പി എം ആസ്ഥാനത്ത് ബുധനാഴ്ച നടന്ന അതിക്രമം സിപിഎമ്മിന് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നതിന്റെ ഭാഗമാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ചൂണ്ടി കാണുന്നത്.

ബീഫ് പ്രശ്‌നത്തിലും സൈന്യവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലും കണ്ണൂരിലെ രാഷ്ട്രയ കൊലപാതകങ്ങളിലുമെല്ലാം പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ വളച്ചൊടിച്ച് പ്രതികരിക്കാന്‍ ഹിന്ദു സേനയുടെ പ്രവര്‍ത്തകരെ സംഘപരിവാര്‍ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രധാന ആക്ഷേപം.

ബിജെപിയെ രാജ്യത്ത് ഏറ്റവും അധികം എതിര്‍ക്കുന്നത് സിപിഎം ആയതു കൊണ്ടാണ് കായിക ആക്രമണമെന്നാണ് പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ പ്രയോഗിക്കാന്‍ ‘ഒരു തന്ത്രം’ തന്റെ പക്കലുണ്ടെന്ന് പ്രഖ്യാപിച്ചത് ഈ ആക്രമണം മുന്‍നിര്‍ത്തിയാണോ എന്നാണ് സിപിഎം ചോദിക്കുന്നത്.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനം തന്നെ ഈ ഫാസിസ്റ്റ് പ്രവര്‍ത്തിക്ക് വേണ്ടി തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം സംശയിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വലിയ രൂപത്തിലുള്ള പ്രചരണ പരിപാടികളും പ്രത്യക്ഷ സമരങ്ങളും സംഘടിപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

Top