ഇനിയും തിരിച്ചു വരാനുള്ളത് നൂറോളം പേര്‍, കാത്തിരിക്കുന്നവരില്‍ പ്രതിഷേധ തിരമാല

24273422_2039284942970018_9342528_n (1)

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലിലൂടെ പരമാവധി പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരില്‍ ഇനിയും കണ്ടെത്താനുള്ളത് നൂറിലധികം പേര്‍. ഇതില്‍ ഭൂരിപക്ഷം ആളുകളും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്.

വിഴിഞ്ഞത്ത് നാലും ശംഖുമുഖത്ത് ഒന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

നേവി രക്ഷപ്പെടുത്തി കൊണ്ടുവന്നവരില്‍ പലരും തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ്. ഇവര്‍ കൊച്ചിയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

ലക്ഷദ്വീപില്‍ ചില ബോട്ടുകള്‍ അടുത്തിട്ടുണ്ട്. അതില്‍ ഉള്ളവരെല്ലാം സുരക്ഷിതരാണ് എന്നാണ് അനൗദ്യോഗിക വിവരം.

മലയാളികളാണ് ഇവരില്‍ കൂടുതലെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

കേരളത്തില്‍ നിന്നും കാണാതായ മത്സ്യതൊഴിലാളികളില്‍ പലരും ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള തീരങ്ങളില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ടാകുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ തീരപ്രദേശത്ത് സ്ഥിതി ഏറെ വഷളായി വരികയാണ്.

കഴക്കൂട്ടത്ത് ദേശീയ പാത ഉപരോധിച്ച തീരദേശ നിവാസികളുടെ നടപടി വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോയെന്ന ആശങ്ക പരക്കെ ഉയര്‍ത്തിയിട്ടുണ്ട്.

മറ്റു സ്ഥലങ്ങളിലും ഉറ്റവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ മങ്ങിയാല്‍ ജനങ്ങള്‍ കൂടുതല്‍ പ്രകോപിതരായേക്കുമെന്നാണ് പൊലീസും ഭയക്കുന്നത്.

പ്രതിഷേധവുമായി ഇതിനകം രംഗത്ത് വന്ന സഭ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തീരദേശ മേഖല സന്ദര്‍ശിക്കാത്തത് ചോദ്യം ചെയ്ത് രംഗത്ത് വന്ന കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസ്സനും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റ് വരുന്നത് യഥാസമയം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ലന്ന് കേരള സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതായാണ് കേന്ദ്രം തുറന്നടിച്ചത്.

450 പേരെയാണ് സംസ്ഥാനത്ത് ഇതുവരെ രക്ഷിച്ചത്. ഇതില്‍ 15 പേരെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്. ഇനി 126 പേരെ രക്ഷപ്പെടുത്താനുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ലക്ഷദ്വീപിലും തമിഴ് നാട്ടിലും എത്തിയവരില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ ഇനി എത്ര പേരെ കണ്ടെത്താന്‍ ഉണ്ടെന്ന് വ്യക്തമാവുകയുള്ളു.

വളരെ തണുത്ത കാലാവസ്ഥയിലാണ് അപകടത്തില്‍പ്പെട്ടവര്‍ എന്നതിനാല്‍ ഇനിയും വൈകിയാല്‍ വലിയ അപകടം സംഭവിക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 14 പേരാണ് മരണപ്പെട്ടത്.Related posts

Back to top