അമിത് ഷാ പറഞ്ഞു കൊടുത്ത ‘തന്ത്രങ്ങള്‍’ സിപിഎമ്മിന്റെ സംഘടനാ പ്രവര്‍ത്തന രീതി !

തിരുവനന്തപുരം: കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്ത്വത്തിനു നല്‍കിയ നിര്‍ദ്ദേശം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ രീതി പിന്തുടരാന്‍ !

ബ്രാഞ്ച് തലത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ച് ചേര്‍ത്തും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വീടുവീടാന്തരം കയറി നടത്തുകയും ചെയ്യുന്ന, സിപിഎം ‘നയം’ പിന്തുടര്‍ന്ന് മുന്നോട്ട് പോയാല്‍ മാത്രമേ സംസ്ഥാനത്ത് മുന്നേറ്റുമുണ്ടാക്കാന്‍ കഴിയൂ എന്ന നിലപാടാണ് അമിത് ഷായുടേത്.

കേരളത്തിലെ ഇടതു വോട്ട് ബാങ്ക് തകര്‍ക്കുന്നതിന് കൃത്യമായ ഇടപെടലുകളാണ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ചേര്‍ക്കല്‍, പെണ്‍കുട്ടികള്‍ക്കായുള്ള കന്യകാ സമൃദ്ധിയോജന, യുവാക്കളുടെ തൊഴിലിനായുള്ള മുദ്രാ വായ്പ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ വീടുകള്‍ തോറും കയറി ഇറങ്ങണമെന്ന നിര്‍ദ്ദേശമാണ് അതില്‍ പ്രധാനം.

സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും അവരെ ഇടതുപക്ഷത്തോട് അടുപ്പിക്കാനും സിപിഎം വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്ന തന്ത്രമാണിത്.

ബൂത്തടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുക, മറ്റു ബഹുജന സമ്പര്‍ക്ക പരിപാടികള്‍ കാര്യക്ഷമമായി നടത്തുക, വിവിധ പാര്‍ട്ടികളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ആകര്‍ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ അവതരിപ്പിക്കുകയുണ്ടായി.

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഇതൊരു പുതിയ ‘പരീക്ഷണ’മാണ്. കേഡര്‍ പാര്‍ട്ടിയാണെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടികളുടേത് പോലെ താഴെ തട്ടില്‍ ജനങ്ങളുമായി ഇടപെടുന്ന ദൈനം ദിനം സംഘടനാ പ്രവര്‍ത്തനം ബിജെപി ഇവിടെ കാര്യമായി നടത്താറില്ല. ശക്തികേന്ദ്രങ്ങളില്‍ മാത്രമായി പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയാണ് പതിവ്.

സിപിഎമ്മിന് ഉള്ളതുപോലെ ബിജെപിക്കും താഴെ തട്ടു മുതല്‍ ഫുള്‍ ടൈം പ്രവര്‍ത്തകര്‍ വേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

പാര്‍ട്ടി തന്നെ ശമ്പളം നല്‍കി ഫുള്‍ ടൈമായി താഴെ തട്ടു മുതല്‍ നേതാക്കളെ നിയോഗിക്കുന്ന സിപിഎം മാതൃകയില്‍ ഒരു സംഘടനാ സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന.

ഓരോ പ്രവര്‍ത്തകനും ഓരോ മാസവും കൂടുതല്‍ ദിവസങ്ങളില്‍ ബൂത്തുകളില്‍ യാത്ര ചെയ്യണമെന്ന അമിത് ഷായുടെ ആവശ്യവും കേരളത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കുന്ന കര്‍ശന നിര്‍ദ്ദേശം തന്നെയാണ്.

നേതാക്കളെ എണീല്‍പ്പിച്ച് നിര്‍ത്തി എത്ര ദിവസം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന അമിത് ഷായുടെ ചോദ്യവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേതിന് സമാനം തന്നെ.

ഇടതു കോട്ടയില്‍ കയറി അവരുടെ തന്നെ സംഘടനാ രീതി പുറത്തെടുത്ത് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റത്തിനുള്ള പ്രധാന പോംവഴിയെന്ന് തിരിച്ചറിഞ്ഞാണ് ബി ജെ പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ‘ തിരുത്തല്‍’ നിര്‍ദ്ദേശങ്ങളുമായി രംഗ പ്രവേശനം ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ നിന്നും ആളുകളെ ആകര്‍ഷിക്കുന്നത് പോലെ എളുപ്പമല്ല കമ്യൂണിസ്റ്റു ശക്തികേന്ദ്രത്തില്‍ കയറി സ്വാധീനമുണ്ടാക്കല്‍ എന്ന് കണ്ടു കൂടിയാണ് ഈ തന്ത്രപരമായ നീക്കമത്രെ.

ഇതോടൊപ്പം തന്നെ ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും പൊതുജനാഭിപ്രായം ബിജെപിക്ക് അനുകൂലമായി രൂപപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സാധ്യമായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അട്ടിമറി വിജയം നേടാനാകുമെന്നാണ് അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം.

Top