എം.എല്‍.എ അരുണനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം തീരുമാനം !

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി.

ശക്തമായ നടപടി ജില്ലാ കമ്മറ്റി വിളിച്ചു ചേര്‍ത്ത് സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

ഇതേ തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ചോദിച്ച വിശദീകരണത്തിന് തൃപ്തികരമായ മറുപടി പോലും നല്‍കാന്‍ എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല.

ബ്രാഞ്ച് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് പോയതെന്നും ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നുമുള്ള അരുണന്റെ വാദം സഹപ്രവര്‍ത്തകരായ പാര്‍ട്ടി എംഎല്‍എമാര്‍ പോലും വിശ്വസിക്കുന്നില്ല.

സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമായ അരുണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നതാണ് പൊതുവികാരമെങ്കിലും എംഎല്‍എ ആണെന്നത് പരിഗണിച്ച് തരംതാഴ്ത്താനാണ് ഇപ്പോഴത്തെ ധാരണ. ജില്ലാ കമ്മിറ്റി നടപടി പരിഗണിച്ച ശേഷം ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.

ലഭിക്കുന്ന വിവര പ്രകാരം ബ്രാഞ്ച് കമ്മിറ്റിയിലേക്കോ ലോക്കല്‍ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തുമെന്നാണ് അറിയുന്നത്.

എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്താനും സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്.

ആര്‍.എസ്.എസ് സേവാപ്രമുഖായിരുന്ന പി.എച്ച് ഷൈനിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് ഇരിങ്ങാലക്കുട ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ ചടങ്ങിന്റെ ഉദ്ഘാടനമാണ് അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചത്.

ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് express Kerala ആയിരുന്നു.

രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന് എഴുതിയ ഫ്‌ളക്‌സിനും ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനും മുന്നില്‍ സിപി.എം എം.എല്‍.എ ഉദ്ഘാടകനായ ചിത്രം കണ്ട് സിപിഎം അണികളും നേതാക്കളുമുള്‍പ്പെടെ സകലരും ഞെട്ടിയിരുന്നു.

എന്തിനേറെ സംസ്ഥാനത്തെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും വാര്‍ത്ത കണ്ട് അമ്പരന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പിന്നീട് സോഷ്യല്‍ മീഡിയയും ചാനലുകളും വിഷയം ഏറ്റെടുത്തതോടെ സിപിഎം കടുത്ത പ്രതിരോധത്തിലുമായി. തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്ത്വം തന്നെ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്.

മുസ്ലീം ലീഗ് വനിതാ നേതാവ് ഖമറുന്നീസ അന്‍വര്‍ ബിജെപി വേദിയിലെത്തിയ സംഭവം ഏറെ വിവാദമാക്കി ലീഗിനെയും യുഡിഎഫ് നേതൃത്ത്വത്തെയും കടന്നാക്രമിച്ച സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം ഇപ്പോള്‍ മാറി കഴിഞ്ഞിട്ടുണ്ട്.

നടപടി എടുത്ത് ആ വിവരം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഗുരുതരമായ സംഘടനാ വിഷയത്തിലേക്കായിരിക്കും കാര്യങ്ങള്‍ പോകുക എന്ന തിരിച്ചറിവിലാണ് ബുധനാഴ്ച തന്നെ എംഎല്‍എയോട് വിശദീകരണം തേടിയത്. സംഘടനാ നടപടിക്ക് മുന്നോടിയായി നടപടിക്ക് വിധേയനാകുന്ന സഖാവിനോട് വിശദീകരണം തേടുക എന്നത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സംഘടനാ നടപടിയുടെ ഭാഗമാണ്.

ഏരിയ കമ്മറ്റിയിലും തന്റെ ഭാഗം വിശദീകരിക്കാന്‍ ഏരിയ കമ്മിറ്റി അംഗമെന്ന നിലയില്‍ അരുണന്‍ മാസ്റ്റര്‍ക്ക് അവസരമുണ്ടാകും.

ജില്ലാ സെക്രട്ടറിക്ക് ഇപ്പോള്‍ നല്‍കിയ വിശദീകരണത്തിനപ്പുറം ഒരു വിശദീകരണം എം.എല്‍.എക്ക് കമ്മിറ്റിയില്‍ നല്‍കാനില്ല എന്നതിനാല്‍ നടപടി സംബന്ധമായ തീരുമാനം ഉടനെ തന്നെയുണ്ടാകും.

അതേസമയം പ്രഖ്യാപിത ശത്രു പാളയത്തില്‍ പോകാന്‍ എങ്ങനെ പാര്‍ട്ടി എംഎല്‍എക്കു കഴിഞ്ഞു എന്ന ചോദ്യം സംസ്ഥാനത്തെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇതിനകം തന്നെ സജീവമായ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

ആര്‍എസ്എസ് ഏതെങ്കിലും ‘അജണ്ട’ യുടെ ഭാഗമായി ബോധപൂര്‍വ്വം എംഎല്‍എയെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നുവോ എന്നതാണ് സിപിഎമ്മിനകത്തെ സംശയം.

സിപിഎംആര്‍.എസ്.എസ് സംഘര്‍ഷത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജില്ലയില്‍ നടന്ന സംഭവം രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്.

എംഎല്‍എയുടെ ജാഗ്രത കുറവാണോ അതോ മറ്റ് എന്തെങ്കിലും ‘ലക്ഷ്യം’ ഇതിനു പിന്നിലുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

Top