കാനത്തിനോടായിരുന്നു ‘കടക്ക് പുറത്ത് ‘ എന്ന് ആദ്യം പറയേണ്ടിയിരുന്നതെന്ന് സി.പി.എം !

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്തെന്ന് ‘ പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ സി.പി.എമ്മില്‍ പ്രതിഷേധം.

മുന്നണി മര്യാദ പാലിക്കാതെ അടിക്കടി സര്‍ക്കാറിനെ വിമര്‍ശിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന കാനം രാജേന്ദ്രനോടും സി.പി.ഐയോടുമാണ് ‘ കടക്ക് പുറത്തെന്ന് ‘ ആദ്യം പറയേണ്ടിയിരുന്നതെന്നതാണ് സി.പി.എമ്മിനകത്തെ പൊതു വികാരം.

‘ഭരണാധികാരികള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇത്തരം നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നായിരുന്നു’ പിണറായിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരുന്നത്.

മാധ്യമങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം നാല് പേര്‍ അറിയുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ഇങ്ങനെയേ പറയാന്‍ കഴിയൂ എന്നാണ് ഇതിനു മറുപടിയായി സി.പി.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രതികരണം.

മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലിനെ അതിജീവിച്ച് അധികാരത്തില്‍ വന്ന പിണറായി വിജയനും സി.പി.എമ്മിനും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അവര്‍ പറയുന്നു.

എല്ലായിടത്തും മാധ്യമങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നത് നടപ്പുള്ള കാര്യമല്ലെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നുമാണ് പാര്‍ട്ടി നിലപാട്.

അവസരം നോക്കി മുന്നണിയിലിരുന്ന് തന്നെ ‘പണി’ തരാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വകവെച്ച് കൊടുക്കില്ലെന്നും സിപിഎം നേതൃത്ത്വം തുറന്നടിച്ചു.

Top