ദുബായില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ പ്രത്യേക കോടതി

ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീല്‍ കോടതിയുടെയും കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക.

സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടു കൊണ്ടുള്ള നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണിത്. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയ്ക്കാണ് ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓഫീസ് റിപ്പോര്‍ട്ടു ചെയ്യേണ്ടത്.

പ്രാഥമിക കോടതിയിലും അപ്പീല്‍ കോടതിയിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള കോടതി സംവിധാനം ആരംഭിക്കുന്നതോടെ എമിറേറ്റിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ദുബായ് കോടതി ഡയറക്ടര്‍ ജനറല്‍ താരിഷ് അല്‍ മന്‍സൂരി പറഞ്ഞു.

മേഖലയിലെ ഓഹരിയുടമകള്‍ക്ക് കുറ്റമറ്റതും സുസ്ഥിരവുമായ പ്രവര്‍ത്തന സംവിധാനം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയെന്നത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.

സാമ്പത്തിക-സാമൂഹിക സുരക്ഷയുറപ്പാക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് നിര്‍ണായകമാണെന്നും മന്‍സൂരി പറഞ്ഞു. സാമ്പത്തിക കുറ്റവാളികളെ നിയമത്തിനുമുന്നില്‍ വേഗത്തിലെത്തിക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്ന് പ്രാഥമിക കോടതി ജഡ്ജി ഡോ.അബ്ദുല്ല അല്‍ ഷംസി പറഞ്ഞു.

 

Top