അഥീലക്ക് പിന്നാലെ ശ്രീറാം . .മുട്ടുമടക്കാതെ തല ഉയര്‍ത്തി നിന്ന ഐ.എ.എസ് ധീരത

തിരുവനന്തപുരം: സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ രക്ഷയില്ലേ ?

ഒരു രാഷ്ട്രീയ ശുപാര്‍ശകള്‍ക്കും വഴങ്ങാതെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ പിണറായി സര്‍ക്കാര്‍ മിടുക്കരായ രണ്ട് ഐഎഎസ് ഓഫീസര്‍മാരെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് തെറുപ്പിച്ചിരിക്കുന്നത്.

ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് സ്ഥലം മാറ്റപ്പെട്ട രണ്ട് പേരും സബ് കളക്ടര്‍മാരാണ് എന്നതും ശ്രദ്ധേയമാണ്.

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ അഥീല അബ്ദുള്ളയാണ് ആദ്യം തെറിച്ചത്. 200 കോടിയോളം വിലമതിക്കുന്ന ഭൂമി തട്ടിപ്പ് കണ്ടെത്തിയതിനുള്ള ‘സമ്മാന’മായിരുന്നു ഇത്.

തലസ്ഥാനത്ത് ലൈഫ്മിഷന്‍ പദ്ധതിയുടെ മേധാവിയാക്കിയായിരുന്നു സ്ഥാനചലനം.

മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചതിനാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോള്‍ തെറിപ്പിച്ചിരിക്കുന്നത്.

എംബ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. ബുധനാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല.

റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയുടെ അനുമതിയില്ലാതെയാണ് രണ്ടു പേരെയും സ്ഥലം മാറ്റിയത്. ഈ നടപടി ഇടത് മുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രീറാമിനെ സ്ഥലം മാറ്റണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. അഥീലയെ സ്ഥലം മാറ്റാന്‍ ഇടപെട്ടതും മന്ത്രിസഭയിലെ പ്രമുഖനാണ്.

സര്‍ക്കാറിന് തിരിച്ചടിയായി മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് സൂചന. കൊച്ചിയില്‍ പ്രമുഖന്റെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നതാണ് അഥീലയുടേയും പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയത്.

മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്നും 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം സബ് കളക്ടര്‍ ശ്രീറാമിന്റെ നിലപാടിനുള്ള അംഗീകാരമായിരുന്നു. ഇതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

IMG-20170705-WA028

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ തുറന്നടിച്ചിരുന്നു.

ഉന്നത കേന്ദ്രങ്ങളുടെ കണ്ണിലെ കരടായ ശ്രീറാമും അഥീലയും ഡോക്ടര്‍ ജോലി വിട്ടാണ് ഐഎഎസ് കരസ്ഥമാക്കിയത്.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിയമം മുഖം നോക്കാതെ നടപ്പാക്കിയ സബ് കളക്ടര്‍മാരെ പെട്ടന്ന് സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്.

കഴിഞ്ഞ ഒന്‍പതു മാസമായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായി പ്രവര്‍ത്തിക്കുന്ന അഥീല ഇതിനകം 200 കോടിയിലധികം വിലമതിക്കുന്ന ഭൂമികളിലെ കയ്യേറ്റമാണ് കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്. ശ്രീറാമും ഇതിന് സമാനമായ നടപടികളാണ് മൂന്നാറിലും കൈക്കൊണ്ടത്.

ഇനിയും ഇത്തരത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് ഇരുവരുടേയും പെട്ടെന്നുള്ള സ്ഥലമാറ്റം.

അധികാര കേന്ദ്രങ്ങള്‍ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് അഥീലയുടേയും ശ്രീറാമിന്റേയും സ്ഥലം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

ശുപാര്‍ശകളില്ലാതെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പരാതിയുമായി ചെല്ലാന്‍ വാതില്‍ തുറന്നിട്ടിരുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കും വലിയ സ്വീകാര്യതയാണുള്ളത്.

വന്‍കിട മാഫിയകളുടെ കോടിക്കണക്കിന് രൂപയുടെ വസ്തുവിന്മേലാണ് ശ്രീറാം കൈവച്ചിരുന്നത്.

എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലായി നടന്നിരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തി സബ് കളക്ടര്‍ അഥീല സ്വീകരിച്ച നടപടിയും പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.

ഏകദേശം 200 കോടിയോളം വിലവരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തിയതില്‍ കൊച്ചിയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപന ഉടമയുടെ വൈറ്റിലയിലുള്ള 45 കോടിയുടെ ഭൂമിയും വരും.

നഗരത്തിലെ പ്രമുഖ ക്ലബ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയതും പ്രമുഖ ബില്‍ഡറുടെ കാക്കനാട്ടുള്ള ആറ് ഏക്കര്‍ കൃഷിഭൂമി കരഭൂമിയാക്കാനുള്ള ശ്രമത്തിന് തടയിടാന്‍ സബ് കളക്ടര്‍ തന്നെ ഹൈക്കോടതിയില്‍ നേരിട്ട് അപ്പീല്‍ ഫയല്‍ ചെയ്തതും വാട്ടര്‍ തീം പാര്‍ക്ക് ഉടമയുടെ ഭൂമി കണ്‍വര്‍ട്ട് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതിരുന്നതുമെല്ലാം വലിയ എതിര്‍പ്പിന് കാരണമായ സംഭവങ്ങളാണ്.

IMG-20170705-WA027

മറ്റൊരു പ്രമുഖ സ്ഥാപനം സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന എട്ടു കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടായിരുന്നതിലും അഥീലയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടായി.

ഒരു ഉന്നതന്‍ അങ്കമാലിയിലുള്ള വസ്തുവിന് ആധാരത്തില്‍ വില കുറച്ച് കാണിച്ച പശ്ചാത്തലത്തില്‍ അദാലത്ത് നടത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി ‘ഹീറോ’ ചമയാന്‍ മാഡം ഒരിക്കലും നിന്നിട്ടില്ലന്നാണ് ഓഫീസ് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

അങ്ങനെ ആയിരുന്നുവെങ്കില്‍ ഒരു പക്ഷേ ‘പള്‍സ് ‘ മനസ്സിലാക്കി സര്‍ക്കാര്‍ സ്ഥലമാറ്റം നടത്തില്ലായിരുന്നുവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തിരൂര്‍ സബ് കളക്ടറായിരിക്കെ വേങ്ങര കിളിനക്കോട് ക്വാറി മാഫിയയുടെ തട്ടകത്തില്‍ പോയി ഒറ്റക്ക് ലോറി പിടിച്ചെടുത്ത് കൊണ്ടു വന്നിട്ടുമുണ്ട് അഥീല.

Top