special-congress protest against mm hassan as new kpcc chief

തിരുവനന്തപുരം: ആദർശധീരനെന്ന് പൊതു സൂഹത്തിനിടയിൽ അറിയപ്പെടുന്ന വി എം സുധീരന്റെ പിൻഗാമി ആരോപണങ്ങളിൽ വിവാദനായകനായ എം എം ഹസ്സൻ.

കോൺഗ്രസ്സ് അനുകൂല വാർത്താ ചാനലായ ജയ്ഹിന്ദുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപമാണ് എം എം ഹസ്സനെതിരെ കോൺഗ്രസ്സിനകത്ത് തന്നെ ഉയർന്നിരുന്നത്.

സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ കടുത്ത നിലപാടാണ് എം എം ഹസ്സനെതിരെ വി എം സുധീരൻ സ്വീകരിച്ചിരുന്നത്.

ഇതിനു പുറമെ മുൻ കോൺഗ്രസ്സ് വനിതാ വിഭാഗം നേതാവ് സുലേഖ അഷ്റഫ് എം എം ഹസ്സനെതിരെ ഗുരുതര ആരോപണമുന്നയിച്ച് പരസ്യമായി രംഗത്ത് വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ജനശ്രീ മിഷന്റെ ചെയർമാനായ എം എം ഹസ്സൻ ഉന്നത പദവി വാഗ്ദാനം ചെയ്ത് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു മുൻ കോൺഗ്രസ്സ് നേതാവിന്റെ മകൾ കൂടിയായ സുലേഖ ആരോപിച്ചിരുന്നത്.

കോൺഗ്രസ്സ് നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും ഹസ്സന്റെ സ്വാധീനം മൂലം ഒരു നടപടിയും സ്വീകരിച്ചില്ലന്നാണ് അവർ ചൂണ്ടി കാണിച്ചിരുന്നത്. ഇതിനു ശേഷമാണ് ജയ്ഹിന്ദ് ചാനലുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്.

നിലവിൽ സംസ്ഥാന കോൺഗ്രസ്സിലെ രണ്ടു വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് എം എം ഹസ്സൻ. മറ്റേയാൾ വി.ഡി സതീശനാണ്.

എ കെ ആന്റണിയുമായുള്ള അടുപ്പം തന്നെയാണ് ഹസ്സനെ മുൻപ് മന്ത്രിസഭയിലെത്തിച്ചതും കെ പി സി സി വൈസ് പ്രസിഡന്റാക്കിയതും ഇപ്പോൾ പ്രസിഡന്റിന്റെ പദവിയിലെത്തിച്ചതും.

ചുമതല താൽക്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും ‘ബഹളക്കാരുടെ ‘ ഗ്രൂപ്പുകാരനായതിനാൽ ഇനി ഹസ്സനെ മാറ്റാൻ എ ഗ്രൂപ്പ് ആവശ്യപ്പെടിലെന്നും ഇങ്ങനെ തന്നെ കുറേ നാൾ മുന്നോട്ടു പോകുമെന്നുമാണ് കോൺഗ്രസ്സിലെ ഭൂരിപക്ഷവും കരുതുന്നത്.

ഐ ഗ്രൂപ്പുകാരനായി പോയി എന്നതാണ് താൽക്കാലിക ചുമതല ലഭിക്കുന്നതിന് വി.ഡി സതീശന് തടസ്സമായത്.

ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം കൂടി ഐ വിഭാഗത്തിന് നൽകിയാൽ വൻ പൊട്ടിത്തെറി ഉറപ്പായിരുന്നു.

ഇക്കാര്യം കൂടി പരിഗണിച്ച ഹൈക്കമാന്റ് എ കെ ആന്റണിയോട് അഭിപ്രായം തേടിയപ്പോൾ അദ്ദേഹമാണ് എം എം ഹസ്സന്റെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന.

കോൺഗ്രസ്സിൽ നിന്നും രാജിവച്ച യൂത്ത് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ് ആന്റണിയെ കുറിച്ചു പറഞ്ഞ വാക്കുകൾ ശരിവയ്ക്കുന്ന പ്രവർത്തി കൂടിയാണിത്.

പി.ടി തോമസ് എംഎൽഎ, കെ വി തോമസ്, കെ.സി വേണുഗോപാൽ തുടങ്ങിയവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിലും ‘പെരുന്തച്ചന്റെ ‘ അനുഗ്രഹം കിട്ടാതിരുന്നത് തിരിച്ചടിയായി.

ആന്റണി തലസ്ഥാനത്ത് വരുമ്പോൾ മാത്രമല്ല ഏത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുമ്പോഴും അകമ്പടിക്ക് ഹസ്സനുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇരുവരുടെയും കുടുബംഗങ്ങൾ തമ്മിലും വളരെ അടുപ്പമാണുള്ളത്.

അതേസമയം കടുത്ത സുധീര വിരോധികളായ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പോലും ഹസ്സനെ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായക്കാരാണ്.

സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പോകും മുൻപ് പാർട്ടിയെ കൂടുതൽ ‘കുള’ മാക്കാനും പൊതു സമൂഹത്തിനിടയിൽ അപഹാസ്യരാക്കാനും മാത്രമേ ഹസ്സന്റെ സ്ഥാനാരോഹണം വഴിവെയ്ക്കൂവെന്നാണ് പൊതുവികാരം.

ഉമ്മൻ ചാണ്ടി പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് കാരണമെന്നതിനാൽ എ വിഭാഗം അണികളും കലിപ്പിലാണ്.
ഉമ്മൻ ചാണ്ടിയോ പി.സി വിഷ്ണുനാഥോ പ്രസിഡന്റാകണമെന്നതായിരുന്നു എ വിഭാഗം അണികളുടെ ആഗ്രഹം.

ഹസ്സൻ എ വിഭാഗക്കാരനായതിനാൽ പരസ്യമായി പ്രതികരിക്കരുതെന്നാണ് അണികൾക്ക് ഗ്രൂപ്പ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.

Top