ശബരിമല ദര്‍ശനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല ദര്‍ശനം അനുവദിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിദേര്‍ശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. ഇന്നു നടന്ന അവലോകന യോഗത്തില്‍ തീര്‍ത്ഥാടകരെ പ്രേവേശിപ്പിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് തള്ളികൊണ്ടാണ് മുഖ്യമന്ത്രി സമിതി രൂപീകരിച്ചത്

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഒരു ദിവസം എത്ര പേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ വഴി എത്ര പേരെ അനുവദിക്കാം, തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടപ്പാക്കേണ്ട പ്രോട്ടോക്കോള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തകര്‍ന്ന നിലയ്ക്കല്‍-പമ്പ റോഡും ഒന്നര മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ തീരുമാനം എടുത്തു.

കഴിഞ്ഞ ഏഴുമാസമായി കോവിഡ് മൂലം ശബരിമല ദര്‍ശനം അനുവദിച്ചിരുന്നില്ല. തുലാമാസത്തിലും വരുന്ന വൃശ്ചിക മാസത്തിലും തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഇന്ന് അവലോകനയോഗം വിളിച്ചത്.

Top