തിരുത്തൽ നടപടിയുമായി സര്‍ക്കാര്‍ ; യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം : മാവോവാദി ബന്ധം ആരോപിച്ച്‌ കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കും. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.

സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ പ്രോസിക്യൂഷന് അനുമതി നൽകൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാവോവാദി ബന്ധമുള്ള ആറുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയിരുന്നു. പാലക്കാട്, കോഴിക്കോട്,കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകളില്‍ യുഎപിഎ ചുമത്തിയതാണ് പിന്നീട് റദ്ദാക്കിയത്.

യു.എ.പി.എ ചുമത്തുന്ന കേസുകള്‍ക്ക് സര്‍ക്കാരിന്റെയുംവിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ.ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധനയ്ക്ക് സാധ്യത ഉരുത്തിരിയുന്നത്.

നേരത്തെ കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി അശോക് യാദവ് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ട്. കേസ് അന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐ.ജി പ്രതികരിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ അടക്കമുള്ളവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാരിന്റെ കിരാതമുഖം വെളിവാക്കുന്നതാണെന്ന് അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

തങ്ങളുടെ കൈയില്‍നിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ വച്ചു തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്നും അലന്‍ ഷുഹൈബ് അറിയിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്‌ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.

Top