ഇന്ത്യയുടെ നീക്കത്തില്‍ ‘ത്രിശങ്കുവിലായത്’ ചൈന, വെല്ലുവിളിച്ചത് അബദ്ധമായി പോയി !

ന്യൂഡല്‍ഹി: ലോക ശക്തികള്‍ ഇന്ത്യക്ക് ഒപ്പം നിലയുറപ്പിച്ചതില്‍ കലിപൂണ്ട ചൈനയുടെ വിചിത്ര വാദം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു.

ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക വന്‍ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത് നീക്കത്തെയും ചെറുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായി വരുന്ന വാര്‍ത്തകള്‍ സഹതാപം മൂലമാണെന്ന് ആക്ഷേപിച്ചാണ് ചൈനയിപ്പോള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നത്.

ചൈനയേക്കാള്‍ ദുര്‍ബലരാണ് ഇന്ത്യ എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ സഹതാപമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ കണ്ടുപിടുത്തം.

പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ ഇരയായും ചൈനയെ വേട്ടക്കാരനായും ചിത്രീകരിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് ഇന്ത്യന്‍ സേന അതിക്രമിച്ച് കയറി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയുടെ കരുത്താണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

എത്രയും പെട്ടന്ന് ‘കയ്യേറ്റ’ ഭൂമിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനയുടെ ഭീഷണിക്ക് അവിടെ ആയുധങ്ങള്‍ വിന്യസിച്ചും ടെന്റുകള്‍ കെട്ടി താമസം തുടങ്ങിയുമാണ് ഇന്ത്യന്‍ സൈന്യം ചുട്ട മറുപടി നല്‍കിയത്.

ലോക ശക്തിയായി അഹങ്കരിക്കുന്ന ചൈനയുടെ മുഖമടച്ച് കിട്ടിയ പ്രഹരമായിരുന്നു ഇന്ത്യയുടെ ഈ നടപടി.

20614038_1983502415218956_598422713_n

ഇന്ത്യയുമായി ഏറ്റുമുട്ടലിന് തുനിഞ്ഞാല്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ ലോകത്തെ വന്‍ ശക്തികളെല്ലാം ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് വ്യക്തമായതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണിപ്പോള്‍ ചൈന.

ചൈനീസ് പട്ടാളത്തിന്റെ ആത്മവീര്യം കെടാതിരിക്കാനും ചൈനയിലെ ജനതക്ക് ആത്മവിശ്വാസം നല്‍കുന്നതിനും കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം യുദ്ധസജ്ജരായി വന്‍ പരേഡ് നടത്തിയിരുന്നു.

എന്നാല്‍ ഈ പരേഡിനെ പോലും ഗൗരവത്തോടെ കാണാതെ അവഗണിച്ച ഇന്ത്യയുടെ നടപടി ചൈനയെ വീണ്ടും പ്രകോപിതരാക്കിയ സാഹചര്യത്തിലാണ് ഔദ്യോഗിക മാധ്യമം വഴി പുതിയ ആക്ഷേപങ്ങള്‍ ചൊരിയുന്നത്.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ച് കയറി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇന്ത്യയെ പാശ്ചാത്യ ലോകം പിന്തുണക്കുന്നത് ശരിയല്ലന്ന് ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.

ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് ഒപ്പമായതോടെ ‘ത്രിശങ്കുവിലായ’ അവസ്ഥയെയാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

അതേസമയം ഇന്ത്യയുടെ തന്ത്രപരമായ നയതന്ത്ര വിജയമാണ് നിലവില്‍ ലഭിക്കുന്ന പിന്തുണക്ക് കാരണമെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദരടക്കം വിലയിരുത്തുന്നത്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top