ലഡാക്കിലെ ഇന്ത്യയുടെ റോഡ് നിര്‍മ്മാണം , ചൈനയുടെ നെഞ്ചത്തേക്കുളള ‘പണി’യെന്ന് . .

ബെയ്ജിങ് : ദോക് ലാമില്‍ നിന്നും പിന്‍മാറാതെ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ചൈനയെ നാണം കെടുത്തിയ ഇന്ത്യ ലഡാക്കില്‍ റോഡ് നിര്‍മ്മാണം നടത്തുന്നതില്‍ ഞെട്ടി ചൈന.

ദോക് ലാമിന് സമീപം തങ്ങള്‍ റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഇന്ത്യ ഇപ്പോള്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിക്കു സമീപം റോഡ് നിര്‍മ്മിക്കുന്നത് ‘നെഞ്ചത്ത് കയറി ചവിട്ടുന്ന’തിന് തുല്ല്യമാണെന്നാണ് ആക്ഷേപം.

ഇന്ത്യക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്ന ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിയിങ് ഇത് ദോക് ലാമിലെ അവസ്ഥ കുടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ചൈന എത്ര ഭീഷണി ഉയര്‍ത്തിയിട്ടും ഇന്ത്യ ഒരടി പിന്നോട്ട് പോകാത്തത് ചൈനീസ് സേനയെയും പ്രകോപിതരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഡാക്കില്‍ പാങ്‌ഗോങ് തടാകത്തിനു സമീപം റോഡു നിര്‍മിക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനം ദോക് ലാമിലെ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നും ഹു ചുനിയിങ് മുന്നറിയിപ്പ് നല്‍കി.

ദോക് ലാം ചൈനയുടെ സ്ഥലമാണ്. അതു സ്വന്തമാണെന്ന ഭൂട്ടാന്റെ വാദത്തിനു കൂട്ടുനില്‍ക്കുന്ന ഇന്ത്യ, അവിടെ റോഡു നിര്‍മിക്കാന്‍ തങ്ങളെ അനുവദിക്കില്ലെന്ന് ശാഠ്യം പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ പാങ്‌ഗോങ് മേഖലയില്‍ 20 കിലോ മീറ്റര്‍ നീളത്തിലാണ് ഇന്ത്യ റോഡ് നിര്‍മിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ ഈ നീക്കം ഇവിടുത്തെ സമാധാനശ്രമങ്ങള്‍ക്കു യോജിച്ചതുമല്ല. ഇന്ത്യ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്നു തെളിയിക്കുന്നതാണു ഈ നടപടിയെന്നും ചൈനീസ് വക്താവ് ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്രദിനത്തിന് ലഡാക്കിലെ പാങ്‌ഗോങ് തടാകക്കരയില്‍ ഇന്ത്യ-ചൈനീസ് സേനകള്‍ തമ്മില്‍ പരസ്പരം കല്ലേറ് നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് ഇന്ത്യ റോഡ് നിര്‍മ്മാണവുമായി മുന്നോട്ട് പോയത്. സൈനീക വാഹനങ്ങള്‍ക്ക് എളുപ്പം എത്തുന്നതിന് വേണ്ടിയാണ് റോഡ് നിര്‍മ്മാണം.

സമാധാന രാജ്യമായ ഇന്ത്യയുടെ പഴയ ചരിത്രമെല്ലാം മാറ്റി വച്ച് ‘ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധ’മെന്ന് കണ്ടാണ് ഇന്ത്യ ഇപ്പോള്‍ സാഹസിക പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നാണ് ചൈനീസ് നയതന്ത്ര വിദഗ്ദരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയുമായി പോലും പല രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടും ചൈനയെ വെല്ലവിളിക്കുന്ന തരത്തില്‍ ഇത്തരമൊരു അതിക്രമം അവര്‍ പോലും കാണിച്ചിട്ടില്ലന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

ദോക് ലാമിന് പുറമെ ലഡാക്കിലും ചൈനയുടെ ഭീഷണി അവഗണിച്ച് ഇന്ത്യ ഇപ്പോള്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

ലോക വന്‍ശക്തികളുടെ പിന്തുണ ഉറപ്പിച്ച് തന്ത്രപരമായാണ് ചൈനയെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്ന് ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാഗസിനും റിപ്പോര്‍ട്ടു ചെയ്യുന്നു.

Top