ചെന്നിത്തല കണ്ട് പഠിക്കണം വി.എസിനെ . . പടയൊരുക്കം നനഞ്ഞ പടക്കമായി മാറുന്നു !

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് തിരിച്ചടി.

ജാഥ സമാപിക്കുന്നതിന് തൊട്ട് മുന്‍പ് എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയില്‍ ചേരുമെന്ന് വ്യക്തമാക്കിയത് വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടാക്കിയിരിക്കുന്നത്.

യു.ഡി.എഫില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നതായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം.

ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരായ സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് അറിഞ്ഞിട്ട് പോലും പടയൊരുക്കം ജാഥ നടത്താന്‍ ചെന്നിത്തല തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയെ ‘വെട്ടാന്‍’ ലക്ഷ്യമിട്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ ഘടകകക്ഷികള്‍ക്ക് പോലും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

സോളാറില്‍ പ്രതിരോധത്തിലായ ഉമ്മന്‍ ചാണ്ടി സ്വീകരണ യോഗങ്ങളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുമെന്ന, അല്ലങ്കില്‍ ഒഴിവാക്കി നിര്‍ത്താന്‍ പറ്റുമെന്ന ചെന്നിത്തലയുടെ കണക്ക് കൂട്ടലുകള്‍ വിജയിച്ചെങ്കിലും ഇനി ചെന്നിത്തലക്ക് അഗ്‌നിപരീക്ഷണത്തിന്റെ നാളുകളാകും.

ഒന്നാം തിയ്യതി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെയാണ് പടയൊരുക്ക ജാഥയുടെ സമാപനം.

തലസ്ഥാനത്തെ പരിപാടിയോടനുബന്ധിച്ച് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളില്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് പ്രാധാന്യം കൊടുക്കാത്ത നടപടി ഇതിനകം തന്നെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

എറണാകുളത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് പങ്കെടുത്ത പ്രചരണ യോഗത്തിലും ചെന്നിത്തല ഷോ ആയിരുന്നു.

സോളാറില്‍ ആരോപണ വിധേയനായിരുന്ന ഹൈബി ഈഡനു പോലും വലിയ പ്രാധാന്യം കൊച്ചിയിലെ യോഗത്തില്‍ ലഭിച്ചപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയെ അവഗണിച്ചത് എന്നതും ശ്രദ്ധേയമാണ്.

മാത്രമല്ല, പല സ്ഥലങ്ങളിലും സ്വീകരണ കേന്ദ്രങ്ങളില്‍ ചെന്നിത്തലയെ ‘പൊക്കി’ സ്റ്റേജിലെത്തിക്കാന്‍ സ്വന്തം അനുയായികളെ ഐ ഗ്രൂപ്പ് പ്രത്യേകം നിയോഗിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. എ വിഭാഗമാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

പടയൊരുക്കം ജാഥയുടെ ഉദ്ഘാടന വേദിയിലേക്ക് ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തകര്‍ എടുത്ത് പൊക്കി ആനയിച്ചതിനെ ‘ മറികടക്കാന്‍’ ആയിരുന്നുവത്രെ ഈ നടകം.

സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് അണികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ ഒപ്പമാണെന്നും ചെന്നിത്തലയുടെ സ്വപ്നം ‘പടയൊരുക്കത്തോടെ’ തീരുമെന്നുമാണ് എ ഗ്രൂപ്പ് തുറന്നടിക്കുന്നത്.

ഒരു ചലനവും സംസ്ഥാനത്ത് ഉണ്ടാക്കാന്‍ പടയൊരുക്കത്തിന് കഴിഞ്ഞിട്ടില്ലന്നാണ് വിമര്‍ശനം.

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച ഭൂമി കയ്യേറ്റവും, പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭൂമി കയേറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ‘പടയൊരുക്കത്തിന് ‘കഴിഞ്ഞില്ല എന്ന് മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളും തുറന്ന് സമ്മതിക്കുന്നുണ്ട്.

ചെന്നിത്തലക്ക് വ്യക്തിപരമായി ഇവരുമായുള്ള സൗഹൃദം, പ്രതിഷേധം പ്രസ്താവനയില്‍ മാത്രമായി ഒതുക്കുന്ന ചടങ്ങായി മാറാന്‍ കാരണമായതായാണ് ആക്ഷേപം.

വി.എസ്.അച്ചുതാനന്ദന്‍ എന്ന ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഉണ്ടായിരുന്നു എന്നത് ചെന്നിത്തല ഓര്‍ക്കണമെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

വി.എസിന്റെ അടുത്ത് എത്താന്‍ പറ്റാത്തതിലല്ല ,അദ്ദേഹത്തിന്റെ നിഴലിനൊപ്പമെങ്കിലും എത്താന്‍ കഴിയാതിരിക്കുന്നതിലാണ് തങ്ങളുടെ പരാതിയെന്നാണ് മുതിര്‍ന്ന ഘടക കക്ഷി നേതാവ് പ്രതികരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇങ്ങനെ ചെന്നിത്തലയെ മുന്‍ നിര്‍ത്തി മുന്നോട്ട് പോയാല്‍ പല സിറ്റിങ് സീറ്റുകളും ഇടതുപക്ഷം പിടിച്ചെടുക്കുമെന്ന ഭയത്തിലാണ് ഉന്നത നേതാക്കള്‍.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സി.പി.എം സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും മുഖ്യ പ്രതിപക്ഷ റോളില്‍ ബി.ജെ.പി ഇടപെടല്‍ നടത്തുന്നതും അപകട സിഗ്‌നലായാണ് മുസ്ലീം ലീഗും കാണുന്നത്.

Top