സെൻകുമാറിന് കേന്ദ്ര സുരക്ഷ ഒരുക്കിയേക്കും, സുപ്രധാന പദവിയിലേക്കും പരിഗണിക്കും !

ന്യൂഡല്‍ഹി : വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സെന്‍കുമാറിനെതിരെ തീവ്രനിലപാടുകളുള്ള സംഘടനകള്‍ വരെ രംഗത്തു വന്ന പശ്ചാതലത്തില്‍ കേന്ദ്ര സുരക്ഷ ഏര്‍പ്പെടുത്തിയേക്കും.

സെന്‍കുമാറിനെതിരെ നേരത്തെ തീവ്രവാദ സംഘടനകളുടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

വിരമിച്ച ശേഷവും ഈ സുരക്ഷ അദ്ദേഹത്തിന് ഇപ്പോള്‍ തുടരുന്നുണ്ട്. എട്ടോളം പൊലീസുകാരാണ് സുരക്ഷയുടെ ഭാഗമായി സെന്‍കുമാറിനൊപ്പം ഉള്ളത്.

പ്രത്യേക സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്ന സമിതി വിളിച്ചു ചേര്‍ത്ത് സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ അണിയറയില്‍ നീക്കം നടക്കവെയാണ് പുതിയ വിവാദം പൊട്ടി പുറപ്പെട്ടിരിക്കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിച്ചാല്‍ അത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമാകുമെന്ന് മാത്രമല്ല സര്‍ക്കാറിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടിയും വരും.

ഇപ്പോഴത്തെ വിവാദം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് ഐ.ബിയും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

സെന്‍കുമാര്‍ താല്‍പര്യപ്പെട്ടാല്‍ ഐബി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സി.ആര്‍.പി.എഫ് സുരക്ഷ അദ്ദേഹത്തിന് ഏര്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

സെന്‍കുമാറിന്റെ നിലപാടുകളെ പിന്തുണക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങള്‍ അദ്ദേഹത്തെ സഹകരിപ്പിക്കണമെന്ന നിലപാടിലാണ്.

രാഷ്ട്രീയത്തിലിറങ്ങാന്‍ സെന്‍കുമാറിന് താല്‍പര്യമില്ലങ്കില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് സഹകരിപ്പിക്കാന്‍ പറ്റുമോയെന്ന കാര്യവും അണിയറയില്‍ സജീവമായി പരിഗണിക്കുന്നുണ്ട്.

സെന്‍കുമാറിനെ വളഞ്ഞിട്ട് എല്ലാവരും ‘ ആക്രമിക്കുന്ന ‘ സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന നേതാവ് എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

IMG-20170710-WA035

നിലവില്‍ കേരള കേഡറില്‍ നിന്നും റിട്ടയര്‍ ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥരായ അജിത് ദോവലും, ആര്‍.എന്‍ രവിയും കേന്ദ്രത്തില്‍ തന്ത്രപ്രധാനമായ തസ്തികയിലാണ് ജോലി ചെയ്യുന്നത്.

ഇതില്‍ അജിത് ദോവല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും ആര്‍ എന്‍ രവി ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമാണ്.

അയല്‍ സംസ്ഥാനമായ തമിഴകത്തെ വിറപ്പിച്ച ഐ.പി.എസ് ഓഫീസര്‍ വിജയകുമാറാണ് കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്.

വീരപ്പന്‍ വേട്ടക്ക് നേതൃത്വം കൊടുത്ത് ശ്രദ്ധേയനായ വിജയകുമാറിനെ റിട്ടയര്‍മെന്റിന് ശേഷം കഴിഞ്ഞ യു.പി.എ സര്‍ക്കാറാണ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതെങ്കിലും എന്‍.ഡി.എ അധികാരമേറ്റിട്ടും തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഇപ്പോള്‍ രാജ്യത്ത് മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുക്കുകയാണ് വിജയകുമാര്‍.

കേന്ദ്രത്തിലെ ഈ മൂന്ന് മുന്‍ പ്രമുഖ ഐ.പി.എസുകാരുമായി അടുത്ത സൗഹൃദമാണ് സെന്‍കുമാറിനുള്ളത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലേക്കുള്ള നിയമന ശുപാര്‍ശയിന്‍ മേല്‍ സംസ്ഥാനം ‘പാര’ വച്ചതിനാല്‍ ഇനി സെന്‍കുമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്.

പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ സെന്‍കുമാര്‍ ‘പ്രാക്ടിക്കലായ’ തീരുമാനം ഉടന്‍ എടുക്കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്.

Top