മെര്‍സലിനോട് പക വീട്ടി കേന്ദ്ര സര്‍ക്കാര്‍ . . തെലുങ്ക് റിലീസിങ്ങ് തടഞ്ഞ് പുതു വെല്ലുവിളി

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാറിന്റെ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് വിവാദം സൃഷ്ടിച്ച തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ മെര്‍സലിന്റെ തെലുങ്ക് പതിപ്പ് അദിരിന്ദിക്ക് കേന്ദ്ര സര്‍ക്കാരിന്റെ റെഡ് സിഗ്‌നല്‍.

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്‌സി) പക വീട്ടിയത്.

തമിഴില്‍ നിന്നും വിഭിന്നമായി ജി.എസ്.ടിക്കെതിരായ വിമര്‍ശനങ്ങള്‍ തെലുങ്ക് പതിപ്പില്‍ നീക്കം ചെയ്തിട്ടും സെന്‍സര്‍ ബോര്‍ഡ് പകയോടെയാണ് പെരുമാറിയതെന്നാണ് ലഭിക്കുന്ന വിവരം.

തമിഴില്‍ റിലീസായ മെര്‍സലില്‍ വിവാദ ഭാഗം ഒഴിവാക്കണമെന്ന ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം നിരാകരിച്ചതിനാണ് കേന്ദ്ര ഭരണത്തിലെ ‘പവര്‍’ ഉപയോഗിച്ച് തെലുങ്കില്‍ ‘പണി’ കൊടുത്തതെന്നാണ് പറയപ്പെടുന്നത്.

ഇതോടെ പ്രതിസന്ധിയിലായ സിനിമയുടെ നിര്‍മ്മാതാക്കള്‍ തെലുങ്ക് പതിപ്പിന്റെ റിലീസിങ്ങ് മാറ്റി വച്ചിരിക്കുകയാണ്.

ഇനി കോടതിയെ സമീപിച്ചാലെ സിനിമക്ക് പ്രദര്‍ശനത്തിന് അനുമതി ലഭിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.

മെര്‍സലിനെതിരെ ഉയര്‍ന്ന ബി.ജെ.പി വിമര്‍ശനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നത്.

അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന രൂപത്തില്‍ വിമര്‍ശനങ്ങള്‍ക്കെതിരെ കേന്ദ്രം കാണിക്കുന്ന അസഹിഷ്ണുതക്കെതിരെ വലിയ പ്രതിഷേധമാണ് സിനിമാലോകത്തു നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് തെലുങ്ക് പതിപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണിപ്പോള്‍.

Top