കല്‍ക്കരി അഴിമതിക്കേസില്‍ എച്ച് സി ഗുപ്ത കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി

ദില്ലി: കല്‍ക്കരി അഴിമതിക്കേസില്‍ എച്ച് സി ഗുപ്ത കുറ്റക്കാരന്‍ എന്ന് പ്രത്യേക സിബിഐ കോടതി വിധി. മുന്‍ കല്‍ക്കരി സെക്രട്ടറിയാണ് എച്ച് സി ഗുപ്ത. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. നാഗ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഇൻഡസ്ട്രീസ് ലിമിറ്റ‍് ഡയറക്ടര്‍ മുകേഷ് ഗുപ്ത, മുൻ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.

എച്ച് സി ഗുപ്തയ്ക്കുള്ള ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും. പശ്ചിമബംഗാളിലെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമയി ബന്ധപ്പെട്ട കേസില്‍ എച്ച് സി ഗുപ്തയെ നേരത്തെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നീണ്ട 10 വര്‍ഷത്തോളം ഇന്ത്യയുടെ കൽക്കരി സെക്രട്ടറിയായിരുന്നയാളാണ് എച്ച് സി ഗുപ്ത.

നാഗ്പൂരിലുള്ള കമ്പനിക്ക് മഹാരാഷ്ട്രയിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാര്‍ നൽകിയതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് പുതിയ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് 2007 ൽ ഇടപാടുകൾ നടത്തിയത് എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സാമ്പത്തികമായി ചില നേട്ടങ്ങൾ ഗുപ്തയ്ക്ക് ഉണ്ടായിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

Top