മെർസലിലെ ആ പിതാവ് താൻ തന്നെയെന്ന് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തൽ !

ചെന്നൈ: മെര്‍സല്‍ വിവാദത്തില്‍ പുതിയ ‘വെളിപ്പെടുത്തല്‍’.

സിനിമയിലെ സുപ്രധാന രംഗമായ വിദ്യാര്‍ത്ഥിനിക്ക് അപകടം പറ്റിയപ്പോള്‍ സ്വകാര്യ ഹോസ്പിറ്റലില്‍ നിന്നും രക്ഷിതാക്കള്‍ നേരിട്ട അനുഭവം തന്റെ സ്വന്തം ജീവിതത്തിലും അഭിമുഖീകരിച്ചതായി പ്രമുഖ ബി.ജെ.പി നേതാവ് ആശിര്‍വാദ് ആചാരിയാണ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്.

വിജയ് അഭിനയിച്ച മെര്‍സല്‍ മികച്ച സിനിമയാണെന്ന് വ്യക്തമാക്കിയ ആചാരി സിനിമയിലെ ഓട്ടോ ഡ്രൈവറായ പിതാവ് മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടം താന്‍ നാല് വര്‍ഷത്തിനു മുന്‍പ് ഡല്‍ഹിയില്‍ നടത്തിയ പോരാട്ടത്തിന് സമാനമാണെന്ന് വ്യക്തമാക്കി.

അസുഖബാധിതയായ മകളെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വൈകുന്നേരത്തിനുള്ളില്‍ ആറ് ലക്ഷം രൂപ അടക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

‘എനിക്ക് ആ പണം അടക്കാന്‍ കഴിഞ്ഞില്ല. പണം അടച്ചില്ലങ്കില്‍ രാവിലെ മുതല്‍ പുതിയ മരുന്ന് കൊടുക്കില്ലെന്ന്‌ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ‘

അന്ന് പണം കെട്ടാന്‍ കഴിഞ്ഞിരുന്നില്ലങ്കില്‍ തന്റെ ഏക മകള്‍ മരിക്കുമായിരുന്നുവെന്നും വൈകാരികതയോടെ ബി.ജെ.പി നേതാവ് വെളിപ്പെടുത്തി.

സുഹൃത്തുക്കളുടെയും മറ്റും അടുത്ത് നിന്ന് ‘പിച്ച’ എടുത്തും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചും മറ്റും കഷ്ടപ്പെട്ട് പണം സംഘടിപ്പിച്ചാണ് ആശുപത്രിയില്‍ കെട്ടിയത്.

എന്നെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് ഈ അനുഭവമുണ്ടായിട്ടുണ്ട്. അവരെല്ലാം ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിന് വിജയ് യെ അഭിനന്ദിക്കുമെന്നും ആചാരി പറഞ്ഞു.

ചര്‍ച്ചയില്‍ ബി.ജെ.പിയുടെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചതെങ്കിലും സിനിമയെ പ്രശംസിച്ച് നടത്തിയ വെളിപ്പെടുത്തല്‍ തമിഴകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

Top