മോദിയെ ‘മെരുക്കാന്‍’ ഒരു പ്രതിനിധി ! പുതിയ കരുനീക്കവുമായി പിണറായി . . .

modi-pinarayi

തിരുവനന്തപുരം: കേന്ദ്ര-കേരള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.രാഷ്ട്രീയ നിയമനം ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന.

ഈ തസ്തികയിലേക്ക് സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനങ്ങള്‍.

ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണ് നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന നിഗമനത്തിലാണു പുതിയ തീരുമാനം.

കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനും ഈ നിയമനം ഉപകരിക്കുമെന്നാണു കരുതുന്നത്. ഇതോടെ കേന്ദ്രപദ്ധതികളുടെ നടത്തിപ്പു ത്വരിതപ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top