പ്രതിപക്ഷ മഹാസഖ്യത്തിന് രാഹുല്‍ ഗാന്ധി, അഖിലേഷ് മായാവതി സഖ്യം വേണമെന്ന്

24824410_2041065259458653_1422331974_n

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും ബി.എസ്.പി നേതാവ് മായാവതിയെയും ഒരുമിച്ച് സഖ്യത്തില്‍ ചേര്‍ക്കുന്നതിനാണ് പ്രഥമ പരിഗണന.

ഇരുവരും ഒന്നിച്ചു നിന്നാലല്ലാതെ യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍.

ഇക്കാര്യം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം അഖിലേഷ് യാദവിനോട് രാഹുല്‍ തുറന്നു പറഞ്ഞതായാണ് വിവരം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ 16 ല്‍ 14 ഉം ബി.ജെ.പി തൂത്ത് വാരിയെങ്കിലും പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മറ്റു മേഖലകളില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

ഇരു പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നാല്‍ യു.പിയില്‍ നിന്നും ബഹുഭൂരിപക്ഷം ലോക്‌സഭാ അംഗങ്ങളെയും വിജയിപ്പിക്കാമെന്നതാണ് കണക്കുകളും സൂചിപ്പിക്കുന്നത്.

80 ലോക്‌സഭാ അംഗങ്ങളെ തിരഞ്ഞെടുത്തയക്കുന്ന യു.പിയിലെ തിരഞ്ഞെടുപ്പ് ഫലമാണ് രാജ്യം ആര് ഭരിക്കുകയെന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും രാമജന്മഭൂമി പ്രശ്‌നം സജീവമാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമം.

ഈ നീക്കത്തെ തടയാന്‍ ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബി.എസ്.പിയും ന്യൂനപക്ഷ-യാദവ രാഷ്ട്രീയം പയറ്റുന്ന സമാജ് വാദി പാര്‍ട്ടിയും സഖ്യത്തിന് തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ദേശീയ തലത്തില്‍ രൂപീകരിക്കുന്ന മഹാ സഖ്യത്തില്‍ ചേരുന്ന കക്ഷികള്‍ക്ക് അധികാരത്തില്‍ വന്നാല്‍ വലിയ പരിഗണന നല്‍കുമെന്ന സന്ദേശമാണ് രാഹുല്‍ ക്യാംപ് ഇരുവര്‍ക്കും നല്‍കുന്നത്.

ഓരോ സംസ്ഥാനത്തും കൂട്ട് കൂടേണ്ട വരെ കുറിച്ച് വ്യക്തമായ ഒരു ലിസ്റ്റ് തന്നെ രാഹുല്‍ ക്യാംപ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.

സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലങ്കിലും ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് സഖ്യത്തെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്.

പ്രധാനമന്ത്രിയുടെയും ബി ജെ പി ദേശീയ പ്രസിഡന്റിന്റെയും സ്വന്തം തട്ടകമായ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അട്ടിമറി വിജയം നേടിയാല്‍ പിന്നെ കാര്യങ്ങള്‍ എല്ലാം എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കരുതുന്നത്.

ഗുജറാത്ത് ‘വിജയതേരിലാകും’ രാഹുല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയെന്നാണ് ഹൈക്കമാന്റ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.Related posts

Back to top