രജനിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ഖുഷ്ബു ? താരങ്ങളുടെ ഒഴുക്ക് തടയാന്‍ ഡി.എം.കെയും

Rajnikanth

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ രജനിയുടെ കൂടെ കൂടാന്‍ ആരാധകരുടെയും താരങ്ങളുടെയും ‘ഇടി’

രജനിയുടെ സിനിമകളിലെ സൂപ്പര്‍ നായികയായി വിലസിയിരുന്ന ഖുഷ്ബു കോണ്‍ഗ്രസ്സ് വിട്ട് സൂപ്പര്‍ സ്റ്റാറിന്റെ കൂടെ കൂടുമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ കോണ്‍ഗ്രസ്സ് ദേശീയ വക്താവാണ് ഖുഷ്ബു .

രജനി കുടുംബവുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. മികച്ച പ്രാസംഗിക കൂടിയായ ഖുഷ്ബുവിന്റെ വരവ് രജനി ക്യാംപിന് ആവേശമാകും.

സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നത് എന്നതിനാല്‍ രജനിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കിലും താരങ്ങളിലെ വലിയ വിഭാഗം രജനിക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് തമിഴകത്തെ രാഷ്ടീയ പാര്‍ട്ടികള്‍ ഭയക്കുന്നുണ്ട്.

രജനി ആരാധകരായ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മറുകണ്ടം ചാടാതിരിക്കാന്‍ ഡി.എം.കെ, അണ്ണാ ഡി.എം.കെ തുടങ്ങിയ പ്രധാന പാര്‍ട്ടികള്‍ താഴെ തട്ടു മുതല്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അനുഭാവികളായ താരങ്ങളെയും പാര്‍ട്ടി നേതൃത്വങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. രജനി തമിഴനല്ലന്നും ബി.ജെ.പിയുടെ ശിങ്കിടിയാണെന്നും പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി പ്രചരണം നടത്താനാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

സിനിമ താരങ്ങളെ ദൈവതുല്യം കാണുന്ന ജനങ്ങള്‍ രജനിയെപോലെയുള്ള സൂപ്പര്‍ താരത്തിന് രാഷ്ട്രീയത്തിലും പിന്തുണ നല്‍കിയാല്‍ അത് തമിഴകത്തിന്റെ തലേലെഴുത്ത് തന്നെ മാറ്റി എഴുതാന്‍ ഇടയാക്കും.

ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അറിയിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചായിരുന്നു രജനിയുടെ പ്രഖ്യാപനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. അതു മാറ്റാന്‍ ശ്രമിക്കും. സ്ഥാനമാനങ്ങള്‍ മോഹിക്കുന്നില്ല. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിര്‍വഹണം കൊണ്ടുവരാനാണു താന്‍ ആഗ്രഹിക്കുന്നതെന്നും രജനി പറയുന്നു.

ആത്മീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കന്‍മാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍നിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാര്‍ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കും നമ്മുടെ പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങള്‍.

സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍ 1996ല്‍ത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രജനി പ്രഖ്യാപിച്ചു.

Top