താരം അകത്ത് ; അന്വേഷണ സംഘത്തിന് ഇനി വരുന്നത് അഗ്‌നി പരീക്ഷണത്തിന്റെ നാളുകൾ

കൊച്ചി: താരം അകത്തായി, ഇനി അന്വേഷണ സംഘത്തിന് അഗ്‌നിപരീക്ഷണത്തിന്റെ നാളുകള്‍ . . !

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി പെട്ടന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.

എഡിജിപി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപ് ആണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്ന ‘സാഹസിക’ പ്രവര്‍ത്തിക്ക് അനുമതി നല്‍കിയത്.

സിബിഐയിലും ഐ.ബിയിലും പ്രവര്‍ത്തിച്ച് സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത കാശ്യപ് മതിയായ തെളിവ് ലഭിക്കാതെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി കൊടുക്കില്ലന്നാണ് അദ്ദേഹത്തെ അറിയുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

എഡിജിപി സന്ധ്യ അന്വേഷിച്ച സൗമ്യ കേസില്‍ സുപ്രീം കോടതിയില്‍ പ്രതിക്ക് അനുകുലമായ വിധിയുണ്ടായ സാഹചര്യം നടി ആക്രമിക്കപ്പെട്ട കേസില്‍ ഉണ്ടാവരുതെന്നാണ് ആഭ്യന്തര വകുപ്പും ആഗ്രഹിക്കുന്നത്.

അത് കൊണ്ട് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് മതിയായ തെളിവ് ശേഖരിച്ചിരിക്കണമെന്ന് തലസ്ഥാനത്ത് നിന്നും പ്രത്യേക നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

ഇപ്പോള്‍ പുറത്തു വരുന്ന വിവര പ്രകാരം കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ ദിലീപിനെതിരെ ചുമത്താന്‍ അന്വേഷണ സംഘത്തിന് എത്രമാത്രം കഴിഞ്ഞു എന്ന കാര്യത്തില്‍ പൊലീസില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്നതാണ്.

ദൃശ്യങ്ങളും സംഭാഷണങ്ങളുമെല്ലാം കോടതിയില്‍ തെളിയിക്കുന്നത് ശ്രമകരമായ ഏര്‍പ്പാടായതിനാല്‍ ഗൂഢാലോചന കേസില്‍ ശിക്ഷ വാങ്ങി കൊടുക്കുക എളുപ്പമുള്ള കാര്യമല്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

2013-ല്‍ തുടങ്ങിയ ഗൂഢാലോചന 2017 വരെ നീണ്ടതിന്റെ കാരണം യുക്തിസഹമായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകര്‍ പോലും ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ദിലീപിന് നടിയോട് പക തോന്നാന്‍ തക്ക കാരണങ്ങള്‍, ഗൂഢാലോചന നടത്തിയതിന്റെ ശാസ്ത്രീയ തെളിവുകള്‍ ‘ഒറിജിനലായി’ തന്നെ ബോധ്യപ്പെടുത്തല്‍, സാക്ഷിമൊഴി തുടങ്ങിയവ എങ്ങനെ അന്വേഷണ സംഘം കോടതിയില്‍ അവതരിപ്പിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഗൂഢാലോചന കേസിന്റെ ഭാവിയെന്നാണ് അവര്‍ പറയുന്നത്.

ഐ പി സി സെക്ഷന്‍ 120 B അനുസരിച്ചാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ ക്രൂരതക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വരും.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചു വരുത്തുന്നതോടെ പൊലീസിന്റെ പക്കലുള്ള തെളിവുകള്‍ സംബന്ധമായ ഏകദേശ ചിത്രം വ്യക്തമാകും.

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കേസില്‍ നിന്നും പ്രതി ഊരിപോരുമെന്ന് മാത്രമല്ല മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും അന്വേഷണ ഉദ്യോഗസ്ഥരും പിന്നീട് നിയമ നടപടി നേരിടേണ്ടി വരേണ്ടി വരും.

Top