അങ്ങനെയൊന്നും വിടില്ല സി.പി.എമ്മിനെ . . ബി.ജെ.പിക്കു പിന്നാലെ ഇനി എ.ബി.വി.പി !

തിരുവനന്തപുരം: അങ്ങനെയൊന്നും സി.പി.എമ്മിനെയും സംസ്ഥാന സര്‍ക്കാറിനെയും വെറുതെ വിടാന്‍ സംഘപരിവാര്‍ തീരുമാനിച്ചിട്ടില്ല . .

ബി.ജെ.പി ജനരക്ഷായാത്രക്കു പിന്നാലെ സി.പി.എം അക്രമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി റാലി നടത്താനാണ് എ.ബി.വി.പി തീരുമാനം.

നവംബര്‍ 11ന് തിരുവനന്തപുരത്തു നടക്കുന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് എ.ബി.വി.പി നേതൃത്വം അറിയിച്ചിരിക്കുന്നത്.

ഇതിനു മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ഈ മാസം 31 ന് മാര്‍ക്‌സിസിറ്റ് അക്രമ വിരുദ്ധ പൊതുയോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
22752046_2021453918090472_910784606_n

സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ പോലും നടത്താത്ത ‘പരീക്ഷണ’മാണ് ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എ.ബി.വി.പി നടത്തുന്നത്.

ഇത്രയും വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി കേരളത്തെ സംബന്ധിച്ച് പുതിയ ചരിത്രമാകുമെന്നാണ് എ.ബി.വി.പി നേതൃത്വം പറയുന്നത്.

ജനരക്ഷാ മാര്‍ച്ച് സംസ്ഥാനത്ത് നടന്നപ്പോള്‍ അതില്‍ ഓരോ ദിവസവും ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഭാരതീയ ജനത യുവമോര്‍ച്ച പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തിരുന്നു.

കൂടാതെ ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സി.പി.എമ്മിനെതിരെ സമാന പ്രതിഷേധ മാര്‍ച്ചുകളും അരങ്ങേറിയിരുന്നു.
22752286_2021453884757142_1011708092_n

കേരളത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സി.പി.എം നടത്തുന്ന ആക്രമണത്തിനെതിരെ രാജ്യത്തെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ പുതിയ പ്രതിഷേധ മാര്‍ഗ്ഗം.

ഇതിന്റെ തുടര്‍ച്ചയായാണ് സംഘ പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയും ഇപ്പോള്‍ പ്രതിഷേധറാലി സംഘടിപ്പിച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നാണ് എ.ബി.വി.പിയും ആരോപിക്കുന്നത്.

കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതിഷേധം ലൈവാക്കി നിര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ് സംഘപരിവാര്‍ തന്ത്രം.

Top