special-a family Submit yourself for their son-writhed kerala police

തിരുവനന്തപുരം: ഒരു കുടുംബമാകെ നീതിക്കുവേണ്ടി നിരാഹാരത്തിലായത് കേരളത്തിൽ മറ്റൊരു സമര ചരിത്രമാകുന്നു.

ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായ അവശേഷിക്കുന്ന പ്രതികളെ പിടികൂടാൻ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വിവരം കൈമാറുന്നവർക്ക് ഒരു ലക്ഷം രൂപ പൊലീസ് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാതെ നിരാഹാരം അവസാനിപ്പിക്കില്ലന്ന ഉറച്ച നിലപാടിലാണ് കുടുംബം.

നിരവധി ഐതിഹാസിക സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിന് ഇതൊരു പുതിയ അനുഭവമാണ്. അടിയന്തരാവസ്ഥയുടെ ബലിയാടായ രക്തസാക്ഷി എൻജിനീയറിംങ്ങ് കോളജ് വിദ്യാർത്ഥി രാജന്റെ ഘാതകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണീർ വാർത്ത ഈച്ചരവാര്യരുടെ ദയനീയതയല്ല ജിഷ്ണുവിന്റെ അമ്മയുടെ കണ്ണുകളിൽ, മകനു വേണ്ടി സ്വയം പോരാടി മരിക്കാൻ വരെ തീരുമാനിച്ചുറച്ച് തലസ്ഥാനത്തെത്തിയ ഒരമ്മയുടെയും കുടുംബത്തിന്റെയും തീഷ്ണതയാണ് അവിടെ കാണാൻ കഴിയുക. ഈ ചങ്കുറപ്പിനു മുന്നിലാണിപ്പോൾ കേരളവും അമ്പരന്ന് നിൽക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.കേസിന്റെ തുടക്കത്തിൽ ലോക്കൽ പൊലീസ് വരുത്തിയ വലിയ വീഴ്ചക്കാണ് ഇപ്പോൾ സംസ്ഥാന പൊലീസ് സേനയാകെ പ്രതിരോധത്തിലായിരിക്കുന്നത്.

നിരാഹാരം കിടക്കുന്നവരുടെ ജീവന് വല്ലതും സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായി മാറുമെന്നതിനാൽ അതീവ ഗൗരവമായാണ് സർക്കാറും പൊലീസും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

സർക്കാറിനെതിരെയല്ല പ്രതിഷേധമെന്ന് കമ്യൂണിസ്റ്റുകാരായ ജിഷ്ണുവിന്റെ കുടുംബം ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ് പൊലീസ് എന്നതിനാൽ സമരം സർക്കാറിനെതിരെ തന്നെയായാണ് പ്രതിപക്ഷ പാർട്ടികൾ ചിത്രീകരിക്കുന്നത്.

ഇപ്പോൾ സർക്കാറിനെതിരെ ജിഷ്ണുവിന്റെ കുടുംബം പരസ്യമായി രംഗത്ത് വന്നിട്ടില്ലങ്കിലും അവർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പായില്ലങ്കിൽ മനം മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന് നീതി കിട്ടാൻ തലസ്ഥാനത്തെത്തി പൊലീസ് അതിക്രമം ഏറ്റുവാങ്ങി നിരാഹാരം കിടക്കേണ്ടി വന്നു എന്നത് ഇടതുപക്ഷത്തിനെതിരെ ശക്തമായ പ്രചരണമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

അതുകൊണ്ടു തന്നെയാണ് മഹിജക്ക് നേരെയുണ്ടായ പൊലീസ് കയ്യേറ്റത്തിനെതിരെ സംസ്ഥാന ഹർത്താൽ പ്രഖ്യാപിക്കാൻ യു ഡി എഫും ബി ജെ പിയും മത്സരിച്ച് രാഗത്തിറങ്ങിയത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണം തന്നെ ജിഷ്ണു കേസും തലസ്ഥാനത്ത് നടന്ന പൊലീസ് നടപടിയും നിരാഹാരവുമാണ്. മുഖ്യമന്ത്രിക്ക് തന്നെ കഴിഞ്ഞ ദിവസം അവിടെ എത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത് തന്നെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ്.

വരും ദിവസങ്ങളിൽ ഈ വിഷയം കൂടുതൽ സങ്കീർണ്ണമാവുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷത്തിന്റെ കരുനീക്കങ്ങൾ. ഭരണപക്ഷമാകട്ടെ പ്രതികളെ ഉടൻ പിടികൂടി തക്ക മറുപടി കൊടുക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ടു പോവുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ പ്രതിഷേധമുയർത്താൻ കോഴിക്കോട് നിന്ന് തീവണ്ടി കയറുമ്പോൾ തന്നെ മഹിജ തീരുമാനിച്ചിരുന്നു നീതി കിട്ടാതെ ഇനി ഒരു മടക്കമില്ലന്ന്. .വീട്ടിൽ നിരാഹാരം കിടന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും കുടുംബത്തിനൊപ്പം സമരത്തിലാണ്.

ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മായി ശോഭ, ഇളയച്ചൻ ബാലൻ, ബന്ധുക്കളായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, മഹേഷ്, ഹരിദാസ്, അശോകൻ, പാമ്പാടി നെഹ്റു കോളജിലെ പൂർവ്വ വിദ്യാർത്ഥി ബിമൽരാജ്, അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി കെ എൽ അരുൺ തുടങ്ങിയവരും മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അനുഭാവ സമരത്തിലാണ്.

ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യുന്നതോടൊപ്പം ബുധനാഴ്ച അതിക്രമം കാണിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്നും ജിഷ്ണുവിന്റെ പിതാവ് അശോകൻ ആവശ്യപ്പെടുന്നു.

കേരള പൊലീസിനെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ നിരാഹാര സമരം.

ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ പറ്റിയില്ലങ്കിൽ അത് കഴിവുകേട് മാത്രമായല്ല ചിത്രീകരിക്കപ്പെടുക. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങൾക്കും പൊലീസും സർക്കാറും മറുപടി പറയേണ്ടി വരും.

ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇത് ഒരു പ്രതിസന്ധി തന്നെയാണ്.

പിണറായിയെ ആരാധിച്ചിരുന്ന ഒരു എസ് എഫ് ഐ വിദ്യാർത്ഥി കൂടിയായിരുന്നു ജിഷ്ണു എന്നത് വ്യക്തിപരമായി പിണറായിയുടെയും ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്ന ഘടകമാണ്.

‘ കഴിഞ്ഞ വർഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു ഇപ്രാവിശ്യം കണി കാണിക്കാൻ ജിഷ്ണുവില്ല’ന്ന സഹോദരി അവിഷ്ണയുടെ വാക്കുകളിൽ തന്നെ എല്ലാം വ്യക്തമാണ്.

ഈ വിഷുവിന് നക്ഷത്ര ലോകത്ത് നിന്ന് ജിഷ്ണുവിന് കണി കാണാൻ കാരഗ്രഹത്തിൽ ഒരു പ്രതിയെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് കുടുംബം ആഗ്രഹിക്കുന്നത്.

അതായിരിക്കും ഈ ജന്മത്തിൽ പ്രിയ പുത്രന് നൽകാവുന്ന ഏറ്റവും വലിയ സ്നേഹോപഹാരമെന്നാണ് അവർ കരുതുന്നത്.

മക്കൾ ദാരുണമായി കൊലചെയ്യപ്പെട്ടത് കാണേണ്ടി വന്ന ഒരു പാട് മാതാപിതാക്കളുണ്ട് കേരളത്തിൽ.

സ്വന്തം രക്തത്തിന്റെ ഘാതകരെ ഇനിയും തിരിച്ചറിയാൻ കഴിയാത്തവരും പ്രതികരിക്കാൻ ശേഷിയില്ലാത്തവരുമായ നിരവധി പേർ അക്കൂട്ടത്തിലുണ്ട്. പൊലീസ് പറയുന്നത് വിശ്വസിച്ച് ജീവിതം തളളി നീക്കാൻ വിധിക്കപ്പെട്ട അത്തരം കുടുംബങ്ങൾക്കുള്ള പ്രചോദനമാണ് . . അവർക്ക് വേണ്ടി കുടിയുള്ള പോരാട്ടങ്ങൾക്കാണ് . . ജിഷ്ണുവിന്റെ കുടുംബം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

Top