ചട്ട ലംഘനം; ഡയസില്‍ കയറി പ്രതിഷേധിച്ച എംഎല്‍എമാര്‍ക്ക്‌ സ്പീക്കറുടെ ശാസന

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി. റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.

303ാം ചട്ടപ്രകാരമാണ് നടപടി. ഇവര്‍ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞു.

ഈ നടപടിയെ പ്രതിപക്ഷം എതിര്‍ക്കുകയും ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ച് സഭ വിട്ടിറങ്ങുകയും ചെയ്തു. സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിക്കണമെന്നും എല്ലാകാലത്തും അതുണ്ടായിട്ടുണ്ടെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കക്ഷിനേതാക്കളുടെ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള സ്പീക്കറുടെ ഏകപക്ഷീയ നടപടിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 2015-മാര്‍ച്ചില്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തി പി.ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ ചിത്രങ്ങളും പ്ലക്കാര്‍ഡുകളുമായിട്ടാണ് യുഡിഎഫ് അംഗങ്ങള്‍ ഇന്ന് സഭയിലെത്തിയത്.

Top