കേന്ദ്ര ഏജൻസികൾ, മാധ്യമങ്ങൾ, പ്രതിപക്ഷം . . . കാട്ടുന്നത് നെറികേട് !

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നതാണ് ഇപ്പോഴത്തെ മാധ്യമ സെന്‍സേഷന്‍. പതിവ് കലാപരിപാടി എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടന്‍ തന്നെ അത് ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ രാജിവയ്ക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഹരിപ്പാട് നടന്ന പൊലീസ് നിയമന തട്ടിപ്പ് കേസില്‍ ശരണ്യ എന്ന യുവതി ആഭ്യന്തര മന്ത്രിക്കും സ്റ്റാഫിനും എതിരെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടും രാജി വയ്ക്കാത്ത ചെന്നിത്തലയാണിപ്പോള്‍ സ്പീക്കറുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീരാമകൃഷ്ണനെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കി എന്നത് മാത്രമാണ് ഇതില്‍ പുതുമയായിട്ടുള്ളത്. മജിസ്ട്രേറ്റിന് മുന്നില്‍ സ്വപ്ന സുരേഷിനെ കൊണ്ട് മൊഴി കൊടുപ്പിച്ചത് തന്നെ കസ്റ്റംസാണ്. മൊഴി പകര്‍പ്പ് കസ്റ്റംസിന് ലഭിച്ചതിന് ശേഷമാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. രഹസ്യമൊഴിയെ പരസ്യമൊഴിയാക്കിയവരുടെ ഉദ്ദേശം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

കസ്റ്റംസ് ഉള്‍പ്പെടെ സകല കേന്ദ്ര ഏജന്‍സികളുടെയും കടിഞ്ഞാണ്‍ ഡല്‍ഹിയിലാണ്. അവിടെ ഉള്ളവരുടെ താല്‍പ്പര്യമാണ് ഇവിടെയും നടപ്പാക്കപ്പെടുന്നത്. ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പാണെന്ന് സി.പി.എം ആരോപിക്കുമ്പോള്‍ അതിനെ കേവലം ആരോപണം മാത്രമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. കാരണം, സ്വപ്നയുടെ മൊഴിയിലെ വിവരങ്ങള്‍ ആദ്യം പുറത്ത് പറഞ്ഞത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. പിന്നീടാണ് ചെന്നത്തല അത് ഏറ്റുപിടിച്ചിരുന്നത്.

രഹസ്യ മൊഴിയിലെ വിവരങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിക്കുക എന്നു പറഞ്ഞാല്‍ അതിനു പിന്നില്‍ ഒരു അജണ്ടയുണ്ടെന്ന കാര്യം ഉറപ്പാണ്. കസ്റ്റഡിയിലുള്ള പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് മാപ്പ് സാക്ഷിയാക്കാമെന്ന വാഗ്ദാനം വല്ലതും നല്‍കിയാല്‍ ഉള്ളതും ഇല്ലാത്തതും മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ പറയുന്ന പേപ്പറുകളില്‍ വരെ പ്രതികള്‍ ഒപ്പിട്ടു നല്‍കും. ഇത്തരം എത്രയോ സംഭവങ്ങള്‍ മുന്‍പും നിരവധി ഉണ്ടായിട്ടുണ്ട്.

 

 

വിചാരണ വേളയിലാണ് കള്ളമൊഴികളെല്ലാം പൊളിച്ചടുക്കപ്പെടുക. അതുവരെയുള്ള വര്‍ഷങ്ങളുടെ കാലതാമസം ആരോപണം നേരിടുന്നവരെ സംബന്ധിച്ച് അവരുടെ ജീവിതത്തെ തന്നെയാണ് ബാധിക്കുക. ഇതൊന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകനും മുഖവിലക്കെടുക്കാറില്ല. പല താല്‍പ്പര്യങ്ങളാണ് ഇവരെയും നയിക്കുന്നത്. അതില്‍ രാഷ്ട്രീയ താല്‍പ്പര്യവും കച്ചവട താല്‍പ്പര്യവും എല്ലാം ഉള്‍പ്പെടും. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നതിന് പകരം ‘കച്ചവട’ മാധ്യമ പ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഇത്തരക്കാര്‍ അപമാനമാണ്. ആരോപണങ്ങള്‍ ജഡ്ജ്മെന്റാണെന്ന തരത്തിലാണ് ഇവരെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീരാമകൃഷ്ണനെ പ്രതിയാക്കാന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോകളും മറന്നു പോകരുത്. ഈ ഫോട്ടോകള്‍ മുന്‍ നിര്‍ത്തി ഒരു ചാനലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സാധാരണ ഗതിയില്‍ ‘കാള പെറ്റെന്ന് കേട്ടാല്‍ ഉടന്‍ കയറെടുക്കാന്‍ ഓടുന്നവര്‍’ ഇക്കാര്യത്തില്‍ തങ്ങളുടെ വര്‍ഗ്ഗ സ്നേഹമാണ് പ്രകടിപ്പിച്ചിരുന്നത്. ഈ ആനുകൂല്യം നല്‍കിയില്ലെങ്കിലും മനുഷ്യത്വപരമായ നിലപാട് മറ്റുള്ളവരോടും മാധ്യമങ്ങള്‍ കാണിക്കണം. അതാണ് സാമാന്യ നീതി. സ്വപ്ന സുരേഷ് ഏത് സാഹചര്യത്തില്‍ മൊഴി നല്‍കി?, മൊഴി ചോര്‍ത്തി നല്‍കിയവരുടെ താല്‍പ്പര്യങ്ങള്‍ എന്താണ്, എന്നതൊക്കെ പരിശോധിക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ്.

 

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്നാണ് സ്വപ്നയും സരിത്തും മൊഴി നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗില്‍ അനധികൃതമായി കടത്താന്‍ ഉദ്ദേശിച്ച ഡോളര്‍ ആയിരുന്നു എന്നാണ് ആരോപണം. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത് ആ മൊഴിയാണെന്നാണ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീരാമകൃഷ്ണനെ വ്യക്തിപരമായി നന്നായി അറിയാവുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത കൊടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചപ്പോള്‍ മാനേജ്മെന്റ് ഇടപെട്ട് വാര്‍ത്ത കൊടുപ്പിച്ച സംഭവവും അരങ്ങേറിയിട്ടുണ്ട്.

ചാനല്‍ കിട മത്സരം രൂക്ഷമായതോടെ ഏതെങ്കിലും ഒരു ചാനല്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ മറ്റു ചാനലുകള്‍ക്കും ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ഇവരെല്ലാം തന്നെ പൊതുവായി കണ്ണടക്കേണ്ടടത്ത് കണ്ണടക്കുന്നുമുണ്ട്. സ്വപ്ന സുരേഷിന് മൊഴി മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയ മാധ്യമ പ്രവര്‍ത്തകന്റെ പിന്നാലെ ഒരു മാധ്യമവും ഇപ്പോഴില്ല. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി വിട്ട കസ്റ്റംസും തുടര്‍ നടപടി ഒഴിവാക്കിയ മട്ടിലാണുള്ളത്.

സംഘപരിവാര്‍ മാധ്യമ സ്ഥാപനത്തിന്റെ കോഡിറേറ്റിങ്ങ് എഡിറ്ററായ ഈ മാധ്യമപ്രവര്‍ത്തകനുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്. 2018 മുതല്‍ പരിചയമുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്ന് അദ്ദേഹം വിളിച്ച് സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കിക്കണമെന്ന് ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇതേ തുടര്‍ന്നാണ് പിന്നീട് മാധ്യമ പ്രവര്‍ത്തകന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നത്. വിമാനത്താവളം വഴി സ്വര്‍ണ്ണ കടത്ത് പലവട്ടം നടന്നത് തന്നെ കസ്റ്റംസിന്റെ പിടിപ്പ് കേടുകൊണ്ടാണെന്നിരിക്കെ ഉത്തരവാദികളായ ഒറ്റ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതുവരെയും അന്വേഷണ സംഘം നടപടി സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ കേന്ദ്ര മന്ത്രി വി മുരളീധരന്റെ കാര്യത്തിലും കേന്ദ്ര ഏജന്‍സികള്‍ മാത്രമല്ല മാധ്യമങ്ങളും ഇപ്പോള്‍ കണ്ണടച്ച സാഹചര്യമാണുള്ളത്. സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് കേവലം ആരോപണം മാത്രമാണെങ്കില്‍ കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് ഗുരുതര തെറ്റ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍, പി.ആര്‍ കമ്പനി മാനേജരായ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുപ്പിച്ചത് നിയമവിരുദ്ധം തന്നെയാണ്. ഇക്കാര്യം പ്രമുഖ നയതന്ത്രവിദഗ്ധനും മുന്‍ അംബാസഡറുമായ കെ പി ഫാബിയന്‍ തന്നെ പരസ്യമായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിസിറ്റിങ് വിസയില്‍ യുഎഇയില്‍ പോയി ഔദ്യോഗിക യോഗത്തില്‍ സ്മിത പങ്കെടുത്തത് കുറ്റകൃത്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ടൂറിസ്റ്റ് എന്ന നിലയ്ക്കാണ് ഏത് രാജ്യത്തും വിസിറ്റിങ് വിസ അനുവദിക്കുന്നത്. വിസിറ്റിങ് വിസയില്‍ എത്തിയവര്‍ ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാകുകയോ ചെയ്താല്‍ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

മന്ത്രി ഔദ്യോഗിക ആവശ്യത്തിന് വിദേശത്ത് പോകുമ്പോള്‍ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത് അത്യാവശ്യവുമാണ്. അതില്‍ യാത്ര എത്ര ദിവസത്തേക്ക് ആണെന്നുള്ള വിവരവും പ്രത്യേകം വ്യക്തമാക്കേണ്ടതുണ്ട്. ഈ കത്ത് പിന്നീട് ധനവകുപ്പിലേക്കാണ് പോകുക. ഇത്തരം യാത്രകളിലൊന്നും പിആര്‍ ഏജന്‍സി പ്രതിനിധിയെ കൊണ്ടുപോകാറില്ലന്നും ഫാബിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടും ഒരു തുടര്‍ നടപടിയും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ശ്രീരാമകൃഷ്ണന്റെ പിന്നാലെ ഓടുന്ന മാധ്യമങ്ങള്‍ മുരളീധരന്‍ ചെയ്ത തെറ്റാണ് യഥാര്‍ത്ഥത്തില്‍ ക്ഷമിച്ചിരിക്കുന്നത്. ഇവിടെയാണ് മാധ്യമങ്ങളുടെ ഇരട്ടനീതിയും തുറന്ന് കാട്ടപ്പെടുന്നത്. സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സ്വപ്നയുമായി ഇടപെട്ടത് യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലാണ്. ആ പരിഗണന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നല്‍കിയതില്‍ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയുകയുമില്ല. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് പോയതും ഈ ബന്ധത്താലാണ്.

 

മുഖ്യമന്ത്രിയുടെ വീട്ടില്‍ സ്വപ്ന എത്തിയതും യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഒപ്പമാണ്. സ്വപ്നയുടെ മനസ്സ് ‘അളക്കുന്ന ഉപകരണം’ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കയ്യില്‍ ഇല്ലെന്നതും നാം ഓര്‍ക്കണം. സ്വപ്നയുമായുള്ള വഴിവിട്ട ബന്ധം മനസ്സിലായപ്പോള്‍ തന്നെ ശിവശങ്കറെ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും അദ്ദേഹത്തെ സസ്പെന്റും ചെയ്തു.ഐ.എ.എസുകാരനായ ഈ ഉദ്യോഗസ്ഥനെ ഇനി പിരിച്ചു വിടണമെങ്കില്‍ അക്കാര്യത്തില്‍ രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടത്. അതല്ലാതെ സംസ്ഥാന സര്‍ക്കാറല്ല.

സ്വപ്ന ശരിയല്ലെങ്കില്‍ ആ ശരികേട് യു.എ.ഇ കോണ്‍സുലേറ്റിനെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും കേന്ദ്ര സര്‍ക്കാറിനാണ് ഉണ്ടായിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്തെടുക്കുകയായിരുന്നു എന്നതിനും വ്യക്തത ആവശ്യമാണ്.

സ്വപ്നയുടെ സ്ഥാനത്ത് ഒരു തീവ്രവാദിയായിരുന്നു യു.എ.ഇ കോണ്‍സുലേറ്റില്‍ കയറിപ്പറ്റിയതെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ? ഇതിനുള്ള മറുപടിയാണ് മോദി സര്‍ക്കാര്‍ ആദ്യം നല്‍കേണ്ടത്. വിമാനതാവളം പോലെ തന്നെ യു.എ.ഇ ഉള്‍പ്പെടെയുള്ള കോണ്‍സുലേറ്റുകളിലും നിരീക്ഷണം നടത്താന്‍ ചുമതലപ്പെട്ടവരാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ഈ ഏജന്‍സികളുടെ അധികാരം മാത്രമല്ല, സംവിധാനവും ഏറെ വിപുലമാണ്. ഇക്കാര്യങ്ങളൊന്നും ഒരു മാധ്യമങ്ങളും ഇതുവരെ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ പഴിയും കേരള സര്‍ക്കാറിനും സംസ്ഥാന ഇന്റലിജന്‍സിനും മേല്‍ ചാര്‍ത്താനാണ് അവരും മത്സരിച്ചിരിക്കുന്നത്.

കേരളത്തില്‍ സി.പി.എം നേതാക്കളെയും സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുന്ന ഒരവസരവും മാധ്യമങ്ങള്‍ പാഴാക്കാറില്ല. കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രാധിപരുള്ള സംസ്ഥാനത്ത് നിന്നും കമ്യൂണിസ്റ്റുകളും കൂടതലായൊന്നും പ്രതീക്ഷിക്കരുത്. അവര്‍ വേട്ടയാടല്‍ ഇനിയും തുടരും. അതിജീവിക്കേണ്ടത് ഓരോ കമ്യൂണിസ്റ്റിന്റെയും ചുമതലയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കതിന് സാധിച്ചു. ഇനി നിയമസഭ തെരഞ്ഞെടുപ്പാണ്. ആരോപണ ശരങ്ങളുമായി വീണ്ടും അവര്‍ വന്നുകൊണ്ടിരിക്കും. ജനകീയ കോടതിയില്‍ തന്നെയാണ് ഇതിനും ഉചിതമായ മറുപടി നല്‍കേണ്ടത്. ആ ക്ലൈമാക്സിനായാണ് രാഷ്ട്രീയ കേരളവും കാത്തു നില്‍ക്കുന്നത്.

Top