ശിവസേന തര്‍ക്കം: ഷിന്ദേ വിഭാഗ എംഎല്‍എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കര്‍, ഉദ്ധവിന് തിരിച്ചടി

മുംബെെ: മഹാരാഷ്ട്രയില്‍ ശിവസേന രണ്ടായി പിളര്‍ന്നതിന് പിന്നാലെ രൂപംകൊണ്ട എം.എല്‍.എമാരുടെ അയോഗ്യതാ തര്‍ക്കത്തില്‍ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി. ഏക്‌നാഥ് ഷിന്ദേ വിഭാഗത്തിലെ എം.എല്‍.എമാര്‍ അയോഗ്യരല്ലെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. 2022 ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്ദേ പക്ഷം ബി.ജെ.പി. ചേരിയിലേക്ക് കൂറുമാറിയത്. മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ തീരുമാനമാണ് മാസങ്ങൾക്കൊടുവിൽ സ്പീക്കർ പ്രഖ്യാപിച്ചത്.

2018-ൽ ഭേദ​ഗതി ചെയ്ത പാർട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളിൽ ഇല്ലാത്തതിനാൽ സാധുതയുള്ളതായി കണക്കാക്കാനാകില്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. രേഖകൾ അനുസരിച്ച് 1999-ലെ ഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ട്. നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ദേശീയ എക്സിക്യൂട്ടിവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേന പ്രമുഖൻ എന്ന നിലയിൽ താക്കറെയുടെ താത്പര്യങ്ങളാണ് പാർട്ടിയുടെ താത്പര്യമെന്ന താക്കറെ വിഭാ​ഗത്തിന്റെ അവകാശവാദം അം​ഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി സ്പീക്കർ ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയിരുന്നു. 150 പേജുള്ള റിപ്പോർട്ടാണ് സ്പീക്കർ തയ്യറാക്കിയതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

നേരത്തെ, വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശമനം ഉന്നയിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ സ്പീക്കർക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും അന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

2022 ജൂണിൽ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിന്ദേ പക്ഷം ബി.ജെ.പി. ചേരിയിലേക്ക് മാറിയതോടെ അദ്ദേഹത്തോടൊപ്പം പോയ എം.എൽ.എ.മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം സ്പീക്കർക്ക് പരാതിനൽകിയിരുന്നു. എന്നാൽ അതിനിടയിൽ സർക്കാർ വീഴുകയും ഷിന്ദേ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ എം.എൽ.എ. മാരുടെ അയോഗ്യതാപ്രശ്‌നം സ്പീക്കർ രാഹുൽ നർവേക്കറുടെ മുന്നിലെത്തി. സ്പീക്കർ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതിനെതിരേ ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ സ്പീക്കർ രാഹുൽ നർവേക്കർ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുമായി ചർച്ചനടത്തിയത് വിവാദത്തിലേക്ക് വഴിവച്ചിരുന്നു. വിധി പ്രസ്താവിക്കുന്നതിനുമുമ്പ് ജഡ്ജി, പ്രതിയെ കണ്ടതുപോലെയായി സ്പീക്കർ-മുഖ്യമന്ത്രി കൂടിക്കാഴ്ചയെന്ന് ശിവസേനാ നേതാവ് ഉദ്ധവ്താക്കറെ വിമർശിച്ചു.

ശിവസേന പിളർത്തി ബി.ജെ.പി. ചേരിയിലേക്കുപോയ മുഖ്യമന്ത്രി ഷിന്ദേയെയും അദ്ദേഹത്തോടൊപ്പം വിമതരായി രംഗത്തുവന്ന 16 എം.എൽ.എ.മാരെയും അയോഗ്യരാക്കുന്നത് സംബന്ധിച്ചാണ് സ്പീക്കർ ബുധനാഴ്ച തീരുമാനമെടുത്ത്.

ഷിന്ദേ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കിയാലും സർക്കാർ നിലംപതിക്കില്ലെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം, എൻസിപി പിളർത്തി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ കൂടി ഭരണപക്ഷത്തെത്തിയതോടെ ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട്.

Top