കേന്ദ്രത്തിന്റെ നിയമം അവഗണിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല: സ്പീക്കര്‍

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ സി.പി ജോഷിയുടെ വാദം. ഭരണഘടന പ്രകാരം പൗരത്വ നിയമ ഭേദഗതി സംസ്ഥാന വിഷയമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

പൗരത്വ നിയമം കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്നതാണെന്നും ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത നടപടിയാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന ഒരു നിയമം കൊണ്ടുവരുന്നതെന്നും ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ മാനിക്കണമെന്നും പ്രമേയം പാസാക്കിയ ശേഷം സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കി. സമാനമായി രാജസ്ഥാനിലും തുടര്‍ന്ന് പശ്ചിമബംഗാളിലും പ്രമേയം പാസായതോടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗം സ്വീകരിച്ചേക്കും.

Top