ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

sreeramakrishnan

തിരുവനന്തപുരം : ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. എം.എല്‍.എ ഹോസ്റ്റലിലോ നിയമസഭ വളപ്പിലോ ആണെങ്കിലേ സ്പീക്കറുടെ അനുമതി ആവശ്യമുള്ളൂ. ഇതിന് ഇതുവരെ ആരും അനുമതി തേടിയിട്ടില്ല. അന്വേഷണസംഘം അനുമതി തേടിയാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

അതേസമയം പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്ത് വന്നിരുന്നു. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയതെന്നും മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. ഭയമുള്ളതുകൊണ്ടല്ല എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെയും പക്കലിരിക്കുന്ന കേസ് ആയതിനാല്‍ അഭിപ്രായം പറയുന്നില്ല. കേസ് അന്വേഷണവുമായി 100 ശതമാനം സഹകരിക്കുക തന്നെ ചെയ്യും. സര്‍ക്കാരും ഇ. ശ്രീധരനും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും, ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ആണ് വെളിപ്പെടുത്തിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ആരോപണം.

കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കരാറുകാരന് നല്‍കി. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് ആരോപിച്ചു.

Top