മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും ആളുകളെ വിരട്ടുന്ന പൊലീസിന്റെ കാലം മാറി: സ്പീക്കര്‍

sreeramakrishnan

കണ്ണൂര്‍: മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും കാര്യം നേടുന്ന പൊലീസിന്റെ കാലഘട്ടം അവസാനിച്ചെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊലീസിന്റെ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ജനത്തിന് ആത്മവിശ്വാസം പകരാന്‍ പൊലീസിനു കഴിയണം.

ഏതെങ്കിലും ഒരു പ്രാദേശിക നേതാവില്ലാതെ പൊലീസ് സ്റ്റേഷനില്‍ വരാന്‍ ഇപ്പോഴും ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ മുഖമാണു പോലീസ് സേനയെന്ന ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവല്‍ക്കരണത്തില്‍ നന്നായി നടക്കേണ്ട മേഖലയാണു പൊലീസിങ്. ഇന്ത്യയില്‍ സമര്‍ത്ഥരായ പൊലീസ് സേനയാണ് കേരളത്തിന്റേത്. കുറ്റാന്വേഷണത്തിലും വിദഗ്ദരാണ്. മതേതര പാരമ്പര്യം ശക്തമായി നിലനിര്‍ത്തുന്നത് കേരള പൊലീസാണ്. കേസ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേര് മാത്രമേ പുറത്ത് കേള്‍ക്കൂവെങ്കിലും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരും മികച്ചവരാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top