Speaker election; V M sudheeran comment on O Rajagopal’s voting

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തത് സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒ.രാജഗോപാല്‍ എ.കെ.ജി സെന്ററിലെത്തി പിണറായി വിജയനെ അഭിനന്ദിക്കുന്നത് എല്ലാവരും കണ്ടതാണ്. ആ ബന്ധം ദൃഢീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് സുധീരന്‍ ആരോപിച്ചു.

ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്തുകൊണ്ടാണ് സി.പി.എം നേതൃത്വം തയ്യാറാകാത്തതെന്നും സുധീരന്‍ ചോദിച്ചു. ബി.ജെ.പി വോട്ട് വേണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഭരണ പക്ഷം അതിന് തയ്യാറിയില്ല. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന്റെ വോട്ടു ചോര്‍ന്ന കാര്യം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം അതിനെക്കുറിച്ച് പ്രതികരിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടന്ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് ബന്ധുക്കള്‍ ആവശ്യപ്പെടുന്നതുപോലെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

Top