പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി, നിയമസഭയില്‍ വന്‍ പ്രതിഷേധം; സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നാടകീയ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന്‌ നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ പ്രതിഷേധം.

സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ ഡി.എം.കെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ചാനല്‍ ഫെബ്രുവരിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനായി പണം നല്‍കുന്ന വീഡിയോ പുറത്ത് വിട്ടത്. എത്ര പണമാണ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഇതിന്‍ മേല്‍ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ എം.കെ സ്റ്റാലിന്‍ സഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് സ്റ്റാലിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ നിയമസഭയില്‍ ബഹളം വെക്കുകയായിരുന്നു.

Top